Kerala

ഹൃദയ വാൾവിൽ രണ്ട് ബ്ലോക്ക്, പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവ്; നെയ്യാറ്റിൻകര ഗോപൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് | neyyattinkara gopan post mortem report is out

പരിശോധനാ ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി തുടങ്ങി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സമാധി കേസിൽ ഗോപന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കി. ​പരിശോധനാ ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി തുടങ്ങി. ഇതിനായി കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി അധികൃതർക്ക് കത്ത് നൽകും.

ഗോപൻ്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു. നേരത്തെ, പ്രാഥമിക റിപ്പോർട്ട് പ്രകാരം അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ 17 നായിരുന്നു കല്ലറ തുറന്ന് ​ഗോപൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. അന്നേ ദിവസം രാവിലെ 9 മണിയോടെയാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികൾ പൂർത്തിയാക്കിയത്. പോസ്റ്റ്‍മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയില്ലെന്ന് വ്യക്തമായതോടെ മകൻ സനന്ദൻ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും ‌സനന്ദൻ പറഞ്ഞു.

ആന്തരിക അവയവ പരിശോധന ഫലങ്ങള്‍ കൂടി വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പറയുന്നത്. അത് വന്നാലും പേടിക്കാനില്ല. അച്ഛൻ മഹാസമാധിയായതാണ്. ഇതിന് തടസം നിന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും മകൻ പറഞ്ഞു. വിഡിഎസ്‍പി നേതാവ് ചന്ദ്രശേഖരൻ പറഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ന് പ്രതിഷേധിക്കാതിരുന്നത്. ഒരു രാജാവിനെ പോലെ സന്യാസിമാരെ വിളിച്ച് ഗോപൻ സ്വാമിയുടെ മഹാസമാധി ചടങ്ങ് നടത്തുമെന്നും അച്ഛൻ സമാധിയായതാണെന്ന ഉറച്ച വിശ്വാസത്തോടെ തന്നെയാണ് മുന്നോട്ട് പോയത് സംഭവിച്ച കാര്യങ്ങളിൽ വളരെ വിഷമം ഉണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു.

CONTENT HIGHLIGHT: neyyattinkara gopan post mortem report is out