കോഴിക്കോട്: ഒന്നരവയസുകാരനായ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി. ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് മുറിയെടുത്തതിനുശേഷമായിരുന്നു ആത്മഹത്യാ ശ്രമം. കേസില്‍ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ആത്മഹത്യശ്രമം.
2020ഫെബ്രുവരിയിലാണ് ശരണ്യ തന്റെ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നത്. കാമുകനുമായുള്ള രഹസ്യബന്ധം വിവാഹത്തിലെത്തിക്കാൻ ശരണ്യ കണ്ടുപിടിച്ച വഴിയായിരുന്നു കൈക്കുഞ്ഞിനെ ഇല്ലാതാക്കൽ. ഭർത്താവിൽനിന്ന് അകന്നു കഴിഞ്ഞിരുന്ന ശരണ്യ അന്ന് ഭർത്താവിനെ വിളിച്ചു വരുത്തിയത് നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നെന്നു പൊലീസ് ഉറപ്പിക്കുന്നു. ഭർത്താവു വീട്ടിലുള്ളപ്പോൾ കുഞ്ഞിനെ കൊലപ്പെടുത്തിയാൽ കുറ്റം ഭർത്താവിൽ കെട്ടിയേൽപ്പിക്കാമെന്നും ശരണ്യ തീരുമാനിച്ചിരുന്നു. അതനുസരിച്ചാണ് ഭർത്താവു ഉറങ്ങുന്ന സമയം ആരുമറിയാതെ ശരണ്യ കുഞ്ഞിനെ കടലിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം ശരണ്യക്കെതിരെ പൊലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകന്‍ വിയാന്‍ എന്ന കുട്ടിയുടെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്നായിരുന്നു കണ്ടെത്തിയത. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ശരണ്യയും പ്രണവും. എന്നാല്‍ ഇവരുടെ ദാമ്പത്യത്തില്‍ പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായി. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ശരണ്യ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അവര്‍ കുറ്റം സമ്മതിച്ചത്.
CONTENT HIGHLIGHT: kannur infant case sharanya