ഏതാനും വര്‍ഷത്തിനുള്ളില്‍ മലബാര്‍ ടൂറിസം ദക്ഷിണേന്ത്യയില്‍ ഒന്നാം നിരയിലേക്കെത്തുമെന്ന് കേരള ടൂറിസം സംഘടിപ്പിച്ച മലബാര്‍ ബിടുബി സമ്മേളനത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ മറ്റ് ടൂറിസം മേഖലയ്ക്കും കര്‍ണാടക ടൂറിസത്തിനും മലബാര്‍ ടൂറിസം ആരോഗ്യകരമായ വെല്ലുവിളിയുയര്‍ത്തുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
മലബാറിന്‍റെ സാംസ്ക്കാരിക പൈതൃക മൂല്യങ്ങള്‍ ടൂറിസത്തിന് ഏറ്റവും പറ്റിയതാണെന്ന് ബംഗളുരുവില്‍ നിന്നുള്ള അര്‍ജുന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ രവി മേനോന്‍ പറഞ്ഞു. കാഴ്ചയുടെ ഉത്സവങ്ങളായ തെയ്യം പോലുള്ള വിവിധ അനുഷ്ഠാന കലകള്‍ മലബാറിന്‍റെ ഏറ്റവും വലിയ സാധ്യതകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് പോലുള്ള കേരളത്തിന്‍റെ ആഭ്യന്തര ടൂറിസം ഫെസ്റ്റുകള്‍ക്ക് ദേശീയതലത്തില്‍ പ്രചാരം നല്‍കണമെന്ന് എന്‍റര്‍ടെയിന്‍മന്‍റ് ആന്‍ഡ് ഇവന്‍റ്സ് മാനേജ്മന്‍റ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിദ്യാസാഗര്‍ പിംഗളായി പറഞ്ഞു. പരിസ്ഥിതി സൗഹൃദമായ ടൂറിസം ശീലങ്ങള്‍ക്കും പ്രാദേശിക ജനതയെ വിശ്വാസത്തിലെടുത്തുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ടെന്ന് ലീല റാവിസ് ഹോട്ടല്‍സ് റീജ്യണല്‍ ഡയറക്ടര്‍ പ്രേം കമല്‍ ചൂണ്ടിക്കാട്ടി.
ടൂറിസം മേഖലകള്‍ വികസിപ്പിക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ വിശ്വാസത്തിലെടുക്കുന്നതെന്നും അസോസിയേഷന്‍ ഡൊമെസ്റ്റിക് ടൂര്‍ ഓപ്പറേറ്റേഴ്സ് ഇന്ത്യ പ്രസിഡന്‍റ് പി പി ഖന്ന ചൂണ്ടിക്കാട്ടി. രാജ്യത്തെ ടൂറിസം മേഖലയ്ക്ക് മലബാര്‍ ടൂറിസത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകാന്‍ ബിടുബി സമ്മേളനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
റാവിസ് ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ ശരത് മഠത്തില്‍, എജിഎം ലതാ നായര്‍, കെഹാറ്റ്സ് കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ഹാരിസ് ഇ വി, മലബാര്‍ ടൂറിസം കൗണ്‍സില്‍ പ്രസിഡന്‍റ് സജീര്‍ പടിക്കല്‍, ടാസ്ക് സെക്രട്ടറി ജുബൈര്‍ സി കെ, വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷാഫി, കെടിടിസി പ്രസിഡന്‍റ് മനോജ് വിജയന്‍, ഇമാക് പ്രസിഡന്‍റ് രാജു കണ്ണമ്പുഴ, ഗ്രേസ് ട്രാവല്‍ മാര്‍ട്ട് എംഡി റഷീദ് കക്കാട്ട്, സംസ്ഥാന ടൂറിസം ഉപദേശക സമിതിയംഗം സുബ്രഹ്മണ്യന്‍ പി, കോണ്‍കോഡ് എക്സോട്ടിക് വോയേജസ് ജിഎം ഷേഖ് ഇസ്മയില്‍, കവായി സ്റ്റോറീസ് സ്ഥാപകന്‍ രാഹുല്‍ നാരായണന്‍, കാഫ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ അജി ഇമ്മാനുവല്‍, പ്രണവം ആയുര്‍വേദ ഡയറക്ടര്‍ കെ ജെ ശ്രീജിത്ത്, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ടിപിഎം ഹാഷിര്‍ അലി, ഹാരിസ് ഇവി, ആര്യവൈദ്യ വിലാസിനി വൈദ്യശാല ഡോ. മനോജ് കലൂര്‍, ഷിഹാബുദ്ദീന്‍ ടി, ടാസ്ക് പ്രസിഡന്‍റ് രാജേഷ് ചന്ദ്രന്‍, പാചക വിദഗ്ധ ആബിദ റഷീദ്, ഗുദാം ആര്‍ട് ഗാലറി ഉടമ ബഷീര്‍ ബഡേക്കണ്ടി, പ്രൊഫ. സനൂപ് കുമാര്‍ പി വി തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചു.