Business

ഭാരത് വാല്യു ഫണ്ടില്‍ നിന്ന് ബിഗാസ് 161 കോടി രൂപ സമാഹരിച്ചു

ആര്‍ആര്‍ ഗ്ലോബല്‍ പ്രൊമോട്ട് ചെയ്യുന്ന ബിഗാസ് പ്രൈമറി, സെക്കണ്ടറി മൂലധനങ്ങളിലൂടെ 161 കോടി രൂപ സമാഹരിച്ചു.  ഇത്തവണത്തെ ധനസമാഹരണത്തില്‍ ഭാരത് വാല്യു ഫണ്ടാണ് (ബിവിഎഫ്) മുഴുവന്‍ നിക്ഷേപവും നടത്തിയത്.  സീറോ എമിഷന്‍ വൈദ്യുത വാഹനങ്ങളിലൂടെ ഇന്ത്യന്‍ വാഹന മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന കമ്പനിയാണ് ബിഗാസ്.  കമ്പനിയുടെ ഡീലര്‍ഷിപ്പ് നിലവിലെ 120ല്‍ നിന്ന് 500 ആയി ഉയര്‍ത്താനും ആയിരത്തിലേറെ ടച്ച് പോയിന്‍റുകള്‍ സ്ഥാപിക്കാനും പ്രതിവര്‍ഷ നിര്‍മ്മാണ ശേഷി ഒരു ലക്ഷമായി വര്‍ധിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

ബിവിഎഫിന്‍റെ നിക്ഷേപം ഈ രംഗത്ത് കമ്പനിക്കു കൂടുതല്‍ ആത്മവിശ്വാസവും ശക്തിയും പകരും. പേഴ്സണല്‍ ഹൈജീന്‍ രംഗത്തുള്ള മില്ലേനിയം ബേബി കെയര്‍, സ്നാക്സ് രംഗത്തുള്ള  ഹല്‍ദീറാം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ രംഗത്തെ അനികേത് മെറ്റല്‍സ് എന്നിവയില്‍ ബിവിഎഫ് അടുത്തിടെ നിക്ഷേപങ്ങള്‍ നടത്തിയിരുന്നു.

പരിസ്ഥിതി അവബോധത്തോടെയുള്ള ബിസിനസുകളെ ശാക്തീകരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇപ്പോഴത്തെ നിക്ഷേപം ചൂണ്ടിക്കാട്ടുന്നതെന്ന് ബിവിഎഫ് സിഐഒ മധു ലുനാവത്ത് പറഞ്ഞു.

ഏറ്റവും വലിയ അഞ്ച് വൈദ്യുത വാഹന സ്ഥാപനങ്ങളില്‍ ഒന്നായി മാറാന്‍ ഈ നിക്ഷേപം തങ്ങളെ സഹായിക്കുമെന്ന് ബിഗാസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഹേമന്ത് കബ്ര ചൂണ്ടിക്കാട്ടി.