India

യുട്യൂബിലും ഇൻസ്റ്റഗ്രാമിലും പ്രശസ്തനാക്കാമെന്ന് യുട്യൂബർ; പുലിനഖത്തിന്റെ കഥ പറഞ്ഞ് പുലിവാൽ പിടിച്ച് വ്യവസായി, അറസ്റ്റ് | coimbatore businessman arrested tiger claw necklace

പ്രശസ്തനാക്കാമെന്ന വാക്ക് കേട്ടാണ് കഴുത്തിലണിഞ്ഞിട്ടുള്ള പുലിനഖങ്ങളുള്ള മാല വിഡിയോയിൽ കാണിച്ചത്

കോയമ്പത്തൂർ: ആളാവാൻ പറഞ്ഞ കഥയ്ക്ക പിന്നാലെ പുലിവാൽ പിടിച്ച് വ്യവസായി. യുട്യൂബിലും ഇൻസ്റ്റഗ്രാമിലും പ്രശസ്തനാക്കാമെന്ന യുട്യൂബറുടെ വാക്കുകേട്ട് കഴുത്തിലെ പുലിനഖത്തിന്റെ കഥയാണ് കോയമ്പത്തൂർ രാമനാഥപുരത്തെ വ്യവസായി ബാലകൃഷ്ണൻ പറഞ്ഞത്. ഇതോടെ വനംവകുപ്പ് ഇയാളെ അറസ്റ്റ് ചെയ്തു.

ദിവസങ്ങൾക്കു മുൻപ് കോയമ്പത്തൂരിലെ സ്വകാര്യ ചടങ്ങിനിടെ, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ യുവാവ് ബാലകൃഷ്ണനെ പരിചയപ്പെടുകയായിരുന്നു. നാട്ടുരാജാവ് പോലുള്ള താങ്കളെ വിഡിയോയിലൂടെ പ്രശസ്തനാക്കാമെന്ന വാക്ക് കേട്ടാണ് കഴുത്തിലണിഞ്ഞിട്ടുള്ള പുലിനഖങ്ങളുള്ള മാല വിഡിയോയിൽ കാണിച്ചത്. വേട്ടയാടിയതല്ലെന്നും ആന്ധ്രപ്രദേശിൽനിന്നു വിലയ്ക്കു വാങ്ങിയാണെന്നും വിഡിയോയിൽ പറയുന്നുണ്ട്. കൂടാതെ വീരന്മാരുടെ പാരമ്പര്യത്തിൽ വന്നതാണെന്നും എംജിആർ ചിത്രങ്ങൾ നിർമിച്ചു പ്രശസ്തനായ സാന്റോ ചിന്നപ്പ തേവരുടെ ബന്ധുവാണെന്നും മറ്റും വ്യവസായി അവകാശപ്പെട്ടു.

വിഡിയോ വൈറലായതോടെ കോയമ്പത്തൂർ വനം വകുപ്പ് അധികൃതർ ബാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തി. പരിശോധനയിൽ മാൻ കൊമ്പുകളും കണ്ടെത്തി. തുടർന്ന് ശനിയാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. പ്രതി പുലിനഖമെന്ന് അവകാശപ്പെട്ടിരുന്ന ആഭരണം അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈൽഡ് ലൈഫ് കൺസർവേഷന് (എഐഡബ്ല്യുസി) അയച്ച് ഫലം ലഭിക്കുന്നതിന് അനുസരിച്ച് കുറ്റപത്രം സമർപ്പിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

CONTENT HIGHLIGHT: coimbatore businessman arrested tiger claw necklace