അമൃത ആശുപത്രിയിലെ സൈറ്റോജെനെറ്റിക്സ് ലാബിന്റെ ഇരുപതാം വാർഷികം ആഘോഷിച്ചു. ജനിതക പരിശോധനകൾക്കായി അമൃത സ്കൂൾ ഓഫ് മെഡിസിനിൽ 20 വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച സൈറ്റോജെനെറ്റിക്സ് ലാബിൽ ഡൗൺ സിൻഡ്രോം ഉൾപ്പെടെ ക്രോമസോം തകരാറുകളാൽ ഉണ്ടാകുന്ന ജനിതക രോഗങ്ങൾ കണ്ടെത്താനുള്ള കാര്യോടൈപ്പിംഗ്, ഫിഷ്, മൈക്രോ അറേ മുതലായ പരിശോധനകൾ നടന്നുവരുന്നു.
പാരമ്പര്യ രോഗങ്ങൾ, ക്യാൻസറുകൾ, മറ്റു ജനിതക രോഗങ്ങൾ ഉൾപ്പെടെ വിവിധതരം സാമ്പിളുകളുടെ പരിശോധന ഒരു കുടക്കീഴിൽ ലഭ്യമാകുന്ന കേരളത്തിലെ ഒരേയൊരു സൈറ്റോജെനെറ്റിക്സ് പരിശോധനാ കേന്ദ്രമാണ് അമൃതയിലേതെന്ന് സൈറ്റോജെനെറ്റിക്സ് വിഭാഗം മേധാവിയും അമൃത ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ. വിദ്യാ ഝാ പറഞ്ഞു.
ക്രോമസോം വിശകലനത്തിൽ ‘ജീനോമിക് മൈക്രോ അറേ’ മുതലായ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന രാജ്യത്തെ തന്നെ അപൂർവം കേന്ദ്രങ്ങളിൽ ഒന്നാണിത്. സമ്പൂർണ്ണമായ ജീനോം പരിശോധനക്കായി അത്യാധുനിക നെക്സ്റ്റ് ജെനറേഷൻ സീക്വൻസിംഗ് (NGS) സംവിധാനവും ഇവിടെയുണ്ട്.
വാർഷികാഘോഷ ചടങ്ങിൽ അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ.പ്രേം നായർ ആശംസകൾ അർപ്പിച്ചു. ലാബിലെയും അനുബന്ധ വിഭാഗങ്ങളിലെയും ഡോക്ടർമാർക്കും ശാസ്ത്രജ്ഞർക്കും ആരോഗ്യ പ്രവർത്തകർക്കും അദ്ദേഹം ഉപഹാരങ്ങൾ നൽകി. പ്രൊഫ. എം. വി. തമ്പി, ഡോ. ഷീലാ നമ്പൂതിരി, ഡോ. വിവേക് കൃഷ്ണൻ, ഡോ. വി. അനിൽകുമാർ, ഡോ. ധന്യ യശോധരൻ, ഡോ. നീരജ് സിദ്ധാർഥൻ, ഡോ. സജിത കൃഷ്ണൻ, ഡോ. സീതാലക്ഷ്മി, ഡോ. വിദ്യാ ഝാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജന്മനാലും , വളർച്ചാപരമായും, പാരമ്പര്യമായും ഉണ്ടാകുന്ന ജനിതക വൈകല്യങ്ങളുടെ രോഗനിർണയത്തിനും ചികിത്സാ പദ്ധതികളുടെ രൂപീകരണത്തിനും പുറമെ ധാരാളം ജനിതക ഗവേഷണങ്ങളും പഠനങ്ങളും സൈറ്റോജെനെറ്റിക്സ് ലാബിൽ നടന്നു വരുന്നു .