സ്കൂളുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങൾക്ക് ഗുണനിലവാര നിർദേശവുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ്. ജങ്ക് ഫുഡ് സ്കൂളുകളിൽ വിതരണം ചെയ്യാൻ പാടില്ല, പുറത്തു നിന്നുമുള്ള ഭക്ഷണ ഡെലിവറി സ്‌കൂളുകളിൽ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.
വിദ്യാർഥികളുടേയും അധ്യാപകർ അടക്കമുള്ള സ്കൂൾ ജീവനക്കാരുടേയും ആരോഗ്യം ഉറപ്പാക്കുന്ന മാർഗ നിർദ്ദേശങ്ങളാണ് അബുദാബി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകൾക്കും ക്യാൻ്റീനുകൾക്കുമാണ് മാർഗ നിർദേശം. ഇതിനാവശ്യമായ ലൈസൻസുകൾ നേടുകയും കാന്റീനുകളിൽ മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്ന നോട്ടീസുകൾ പതിക്കുകയുംചെയ്യണം.
പോഷകാംശം കുറഞ്ഞും രുചിക്കായി കൃത്രിമ വസ്‌തുക്കൾ ചേർത്തതുമായ ജംഗ് ഫുഡ് സ്കൂളുകളിൽ വിതരണം ചെയ്യരുത് എന്ന് കർശന നിർദേശം നൽകി. വിദ്യാർഥികൾ വീടുകളിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങളും അധ്യാപകർ നിരീക്ഷിക്കണം. നോമ്പില്ലാത്ത സമയത്ത് കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പു വരുത്തണം.
സ്‌കൂളുകളിൽ ആഘോഷങ്ങളും മറ്റ് പൊതു പരിപാടികളും നടക്കുമ്പോൾ മദ്യം, പന്നിയിറച്ചി, കാർണേറ്റഡ് സോഫ്റ്റ് ഡ്രിംഗ്സ്, അലർജിയുണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ എന്നിവ വിതരണം ചെയ്യരുത് എന്നും നിർദേശത്തിൽ പറയുന്നു. സകൂൾ സമയങ്ങളിൽ തലബാത്ത്, ഡെലിവറോ തുടങ്ങിയ ഓൺലൈൻ ഭക്ഷണ വിതരണ സേവനങ്ങൾ സ്കൂളുകളിൽ അനുവദിക്കരുതെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. മറ്റുള്ളവർ കഴിക്കുന്ന ഭക്ഷണത്തെ ബഹുമാനിക്കാൻ വിദ്യാർഥികളെ പഠിപ്പിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.