India

അടുക്കളയിൽ കയറി അരിയുമായി കടന്ന് കാട്ടാന; കോയമ്പത്തൂരിൽ കണ്ടത് ‘അരിക്കൊമ്പനോ’യെന്ന് സോഷ്യൽ മീഡിയ | elephant sneaks into a house stealing rice

ആനയെ കണ്ടതോടെ നാലുപേരും അവിടെ നിന്നും മാറിനിന്നു

കോയമ്പത്തൂർ: അടുക്കളയിൽ കയറി ഒരു ചാക്ക് അരിയെടുത്ത ശേഷം ആന കടന്നുകളഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ശനിയാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. വീട്ടുകാരെല്ലാം തന്നെ പേടിച്ച് ശ്വാസം പോലും നിലച്ച അവസ്ഥയിലായിരുന്നു. എന്നാൽ ആർക്കും പരിക്കില്ല. കോയമ്പത്തൂരിലെ തെർക്കുപാളയത്താണ് സംഭവം നടന്നത്.

കാട്ടാന അതിക്രമിച്ച് കയറിയ വിവരം അറിഞ്ഞതോടെ നാട്ടുകാർ ആകെ ഭയത്തിലാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. ആന കയറിയ വീട്ടിൽ താമസിച്ചിരുന്നത് നാല് ഇതരസംസ്ഥാന തൊഴിലാളികൾ ആയിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് എഴുതുന്നു. ആന അതിക്രമിച്ച് കയറുന്ന സമയത്ത് അവർ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. ആനയെ കണ്ടതോടെ നാലുപേരും അവിടെ നിന്നും മാറിനിന്നു. ആനയുടെ ശ്രദ്ധയാകർഷിക്കാതിരിക്കാൻ വേണ്ടി ​ഗ്യാസ് സ്റ്റൗ ഓഫ് ചെയ്യുകയും ചെയ്തു.

ആനയാണെങ്കിൽ ​ഗ്യാസ് സ്റ്റൗവിന് നേരെ തന്നെ തിരിഞ്ഞു. എന്നാൽ, അവിടെ നിന്നും പെട്ടെന്ന് തന്നെ പിന്തിരിയുകയായിരുന്നു. ഒടുവിൽ അവിടെ സൂക്ഷിച്ചിരുന്ന ഒരു ചാക്ക് അരിയും എടുത്ത് സ്ഥലം വിട്ടു. താമസക്കാരിൽ ഒരാൾ തന്നെയാണ് ശബ്ദമൊന്നും ഉണ്ടാക്കാതെ വീഡിയോ ക്യാമറയിൽ പകർത്തിയത്. വീഡിയോയിൽ അലങ്കോലമായിക്കിടക്കുന്ന അടുക്കളയും ആന കയറി വരുന്നതും ഒക്കെ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധിപ്പേരാണ് തങ്ങളുടെ ആശങ്കകൾ പങ്കുവച്ചത്. കാടിനോട് ചേര്‍ന്ന് വീട് വയ്ക്കുന്നതിലെ അപകടങ്ങളെ കുറിച്ചും ആളുകള്‍ ചര്‍ച്ച ചെയ്തു.

CONTENT HIGHLIGHT: elephant sneaks into a house stealing rice