Kerala

ഷാരോൺ രാജ് വധക്കേസ്; ഗ്രീഷ്മയ്ക്ക് തൂക്കുകയർ | greeshma sharon case verdict

നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പ്രതിയുടെ പ്രായം പരി​ഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പ​രി​ഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിയും ​ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായരെ മൂന്ന് വർഷം തടവിനും കോടതി ശിക്ഷിച്ചു. മൂന്നാം പ്രതിയും ​ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി നേരത്തേ വെറുതേവിട്ടിരുന്നു. കൊല നടത്താന്‍ ​ഗ്രീഷ്മയെ സഹായിച്ചുവെന്നായിരുന്നു അമ്മ സിന്ധുവിനെതിരേയും അമ്മാവന്‍ നിര്‍മല്‍കുമാരനെതിരേയുമുള്ള കുറ്റം.

കേരള പോലീസിന് കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. പോലീസ് അന്വേഷണം അതിൽ സമർത്ഥമായി നടത്തി. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റി. സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തു. കുറ്റകൃത്യം ചെയ്ത അന്നുമുതൽ തനിക്ക് എതിരായ തെളിവുകൾ താൻ സ്വയം ചുമന്ന് നടക്കുകയായിരുന്നു എന്ന് പ്രതി അറിഞ്ഞിരുന്നു. വിവാഹനിശ്ചയത്തിനുശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് തെളിഞ്ഞതായി കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും.

ഷാരോൺ പ്രണയത്തിന് അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും ഷാരോൺ ​ഗ്രീഷ്മയെ പ്രണയിച്ചിരുന്നുവെന്നും കോടതി പറഞ്ഞു. ഷാരോണിന് പരാതിയുണ്ടായിരുന്നോ എന്നത് കോടതിയുടെ വിഷയമല്ല. ശാരീരിക ബന്ധം തെളിഞ്ഞിട്ടുണ്ട്. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചു.

ജ്യൂസിൽ എന്തോ പ്രശ്നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. ഒരു തുള്ളി വെള്ളം കുടിക്കാൻ കഴിയാതെ 11 ദിവസം ഷാരോൺ കിടന്നു. ഗ്രീഷ്മ കാണിച്ചത് വിശ്വാസവഞ്ചനയാണ്. ഗ്രീഷ്മയെ വാവ എന്നാണ് മരണക്കിടക്കിലും ഷാരോൺ വിശേഷിപ്പിച്ചതെന്നും വിധിന്യായം വായിക്കവെ കോടതി പറഞ്ഞു.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞാണ് ഗ്രീഷ്മ ഷാരോണിനെ വിളിച്ചു വരുത്തിയത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊല നടത്തിയത്. ഷാരോൺ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണ്. കുറ്റകൃത്യം ചെയ്തിട്ടും അവസാന നിമിഷം വരെ പിടിച്ചുനിൽക്കാനുള്ള ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ല എന്നും കോടതി നിരീക്ഷിച്ചു. ഗ്രീഷ്മയ്ക്ക് എതിരെ 48 സാഹചര്യ തെളിവുകൾ ഉണ്ട്. പരമാവധി ശിക്ഷ നൽകരുത് എന്ന് നിയമമില്ല. ഘട്ടം ഘട്ടമായി കൊല നടത്താൻ ലക്ഷ്യമിട്ടു.

പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്.

2022 ഒക്ടോബര്‍ 14-ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തി. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു.

കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. 2021 ഒക്ടോബര്‍ മുതലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2022 മാര്‍ച്ച് നാലിന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം ഉറപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു.

വിവാഹം ഉറപ്പിച്ചതിന് ശേഷം ഷാരോണിന്റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ബന്ധം ഉപേക്ഷിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. പക്ഷേ, വിട്ടുപോകാന്‍ ഷാരോണിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. കൊല നടത്താന്‍ സഹായിച്ചുവെന്നാണ് അമ്മ സിന്ധുവിനെതിരേയും അമ്മാവന്‍ നിര്‍മല്‍കുമാര്‍ നായര്‍ക്കെതിരേയുമുള്ള കുറ്റം. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ അമ്മയെ വെറുതെ വിട്ടിരുന്നു.

പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു.

CONTENT HIGHLIGHT: greeshma sharon case verdict