ചൈനീസ് ബ്രാന്‍ഡായ പോക്കോ പുറത്തിറക്കിയ ഏറ്റവും പുതിയ എക്സ്7 സ്‌മാര്‍ട്ട്‌ഫോണിന്‍റെ വില്‍പന കഴിഞ്ഞ ദിവസം മുതൽ ഇന്ത്യയില്‍ തുടങ്ങി. ലോഞ്ച് ഓഫറുകളോടെയാണ് പോക്കോ എക്സ്7 5ജി വില്‍പനയ്ക്ക് എത്തിയിരിക്കുന്നത്. 19,999 രൂപയ്ക്ക് ഫോണ്‍ ഇന്ത്യയില്‍ വാങ്ങാൻ സാധിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ടിലൂടെയാണ് വില്‍പന.
പോക്കോ യെല്ലോ, കോസ്‌മിക് സില്‍വര്‍, ഗ്ലേഷ്യര്‍ ഗ്രീന്‍ എന്നീ മൂന്ന് നിറങ്ങളിലാണ് പോക്കോ എക്സ്7 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന മോഡലിന് 21,999 രൂപയും 8 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന മോഡലിന് 23,999 രൂപയുമാണ് വില.
വിപണനത്തിന്‍റെ ആദ്യ ദിനം 2000 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണ്‍ ലഭ്യമാകും. ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുമ്പോഴാണ് 2000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ട് ലഭിക്കുക. എക്സ്‌ചേഞ്ച് വഴി 2000 രൂപയുടെ അധിക കിഴിവും ലഭിക്കും. 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും പോക്കോ എക്സ്7 ഫോണിന് ലഭിക്കും.
6.67 ഇഞ്ച് വരുന്ന 1.5കെ ഒഎല്‍ഇഡി ഡിസ്പ്ലെയോടെയാണ് പോക്കോ എക്സ്7 സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. 3000 നിറ്റ്‌സാണ് പരമാവധി ബ്രൈറ്റ്‌നസ്. ഷവോമി ഹൈപ്പര്‍ ഒഎസില്‍ വരുന്ന ഫോണ്‍ ആന്‍ഡ്രോയ്ഡ് 14 അടിസ്ഥാനത്തിലുള്ളതാണ്. 50 എംപിയുടെ പ്രധാന ക്യാമറയും 8 എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ ക്യാമറയും 2 എംപി മൈക്രോ ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
സെല്‍ഫിക്കായുള്ള ക്യാമറ 20 എംപിയുടേതാണ്. ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, യുഎസ്ബി ടൈപ്പ്-സി, ഡോള്‍ബി അറ്റ്‌മോസ്, ഐപി69 റേറ്റിംഗ് വരെ, 190 ഗ്രാം ഭാരം, 5ജി എസ്എ, എന്‍എസ്എ, 4ജി വോള്‍ട്ട്, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.4, 5500 എംഎഎച്ച് ബാറ്ററി, 45 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് ഫോണിന്‍റെ മറ്റ് ഫീച്ചറുകള്‍.