Kerala

വധശിക്ഷയെന്ന് കേട്ടിട്ടും നിർവികാരയായി ​ഗ്രീഷ്മ; കോടതിയിൽ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അച്ഛനും അമ്മയും | greeshma remains speechless after hearing verdict

വിധി പറഞ്ഞതോടെ ഷാരോണിന്റെ അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു

തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജ് വധക്കേസിൽ ശിക്ഷാവിധി കേട്ടിട്ടും നിർവികാരയായി ​ഗ്രീഷ്മ. വിധി പറയുന്നതിന് മുൻപ് തേങ്ങിയിരുന്നുവെങ്കിലും വിധികേട്ട് ​ഗ്രീഷ്മ ഒന്നും പ്രതികരിച്ചില്ല. എന്നാൽ കോടതി വിധി പറഞ്ഞതോടെ ഷാരോണിന്റെ അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു.

ഇന്ന് ഷാരോണിൻ്റെ കുടുംബം കോടതിയിലെത്തിയിരുന്നു. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർക്ക് 3 വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. ഗ്രീഷ്മയക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. 2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് മരണം സംഭവിച്ചു.

ഷാരോണ്‍ വധക്കേസില്‍ പ്രതിയുടെ പ്രായം കണക്കില്‍ എടുക്കുന്നില്ലെന്ന് കോടതി. കോടതിക്ക് പ്രതിയുടെ പ്രായം മാത്രം കണ്ടാല്‍ പോരാ. അതുകൊണ്ടാണ് ഷാരോണിന്റെ കുടുംബത്തെ കോടതിക്ക് അകത്തേക്ക് വിളിച്ചത്. സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നല്‍കുന്നതെന്നും ശിക്ഷ വിധിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

ഷാരോണ്‍ അനുഭവിച്ചത് വലിയ വേദനയാണ്. ഇത്തരം കേസില്‍ പരമാവധി ശിക്ഷ നല്‍കരുത് എന്ന് നിയമം ഒന്നുമില്ല. ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദം കണക്കിലെടുക്കാന്‍ സാധിക്കില്ല. കാരണം ഗ്രീഷ്മ നേരത്തെയും വധശ്രമം നടത്തി. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു. ആദ്യം ജ്യൂസ് ചലഞ്ച് പിന്നീട് കൊലപാതകം.

ഷാരോണ്‍ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തിട്ടും അവസാന നിമിഷം വരെ പിടിച്ചുനില്‍ക്കാനുള്ള ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ല. ഷാരോണ്‍ പ്രണയത്തിന് അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ പ്രണയിച്ചിരുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഷാരോണിന് പരാതിയുണ്ടായിരുന്നോ എന്നത് വിഷയമല്ല. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചു. ജ്യൂസില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. ഒരു തുള്ളി വെള്ളം കുടിക്കാന്‍ കഴിയാതെ 11 ദിവസം ഷാരോണ്‍ കിടന്നു. ഗ്രീഷ്മയെ വാവ എന്നാണ് മരണക്കിടക്കിലും ഷാരോണ്‍ വിശേഷിപ്പിച്ചതെന്നും വിധിന്യായം വായിക്കവെ കോടതി പറഞ്ഞു.

ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം കേസില്‍ നിന്ന് വഴി തിരിച്ചുവിടാനാണെന്നും കോടതി നിരീക്ഷിച്ചു. പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ നടത്തിയത് വ്യാജ ആത്മഹത്യാശ്രമമാണ്. ലൈസോള്‍ കുടിച്ചാല്‍ മരിക്കില്ലെന്ന് ഗ്രീഷ്മയ്ക്ക് അറിയാമായിരുന്നു. ഷാരോണിന്റെ ആന്തരിക അവയവങ്ങള്‍ ഒക്കെ അഴുകിയ നിലയിലായിരുന്നു. ഇത് സമര്‍ത്ഥമായ കൊലപാതകമാണെന്നും കോടതി വ്യക്തമാക്കി.

CONTENT HIGHLIGHT: greeshma remains speechless after hearing verdict