ഇന്ന് ചോറിനൊപ്പം കഴിക്കാന്‍ ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന തോരൻ വെച്ചാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന സോയാ തോരന്‍ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- സോയ ചങ്ക്സ് – 1 കപ്പ്
- സവാള – 2, ഇടത്തരം വലുപ്പം
- തക്കാളി – 1/2, ചെറുത്
- പച്ചമുളക് – 2 എണ്ണം
- ഇഞ്ചി – 1/2 ടീസ്പൂണ്‍
- വെളുത്തുള്ളി – 3/4 ടീസ്പൂണ്‍
- കറിവേപ്പില
- മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
- മുളകുപൊടി – 1/2 ടീസ്പൂണ്‍
- ഗരം മസാല – 1/4 ടീസ്പൂണ്‍
- വെളിച്ചെണ്ണ – 1/1/2 ടേബിള്‍സ്പൂണ്‍
- ഉപ്പ് – 3/4 ടീസ്പൂണ്‍
- തേങ്ങ ചിരകിയത് – 3-4 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
വെള്ളം തിളപ്പിച്ച ശേഷം കഴുകിയ സോയാ കഷണങ്ങള്‍ ചേര്‍ക്കുക. 2 മിനിട്ട് തിളപ്പിച്ച് വെള്ളം കളഞ്ഞ് 3 തവണ കഴുകി വെള്ളം പിഴിഞ്ഞെടുക്കുക. ചെറിയ മിക്സര്‍ ജാറിലേക്ക് സോയാ കഷണങ്ങള്‍ ചേര്‍ത്ത് നുറുക്കി എടുക്കുക (കത്തി വച്ച് ചെറുതായി മുറിച്ചെടുത്താലും മതി). ശേഷം, അതൊരു പാത്രത്തിലേക്ക് മാറ്റുക. അരിഞ്ഞ സവാള, തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ പാത്രത്തിലേക്ക് ചേര്‍ക്കുക. കൈ ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക.
ഒരു ഫ്രൈയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് സോയാ മിക്സ് ചേര്‍ത്ത് യോജിപ്പിക്കുക. ഇടത്തരമായി ചൂട് കുറയ്ക്കുക. ഇതിലേക്ക് തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു മൂടി കൊണ്ട് അടച്ച് 5 മിനിട്ട് വേവിക്കുക. ശേഷം, അടപ്പ് തുറന്ന് ഇളക്കുക. ഡ്രൈ ആകുന്നത് വരെ ഇടയ്ക്ക് ഇളക്കി വേവിക്കുക. തുടര്‍ച്ചയായി മിക്സ് ചെയ്യേണ്ട ആവശ്യമില്ല. അവസാനമായി ഒരു നുള്ള് ഗരം മസാല ചേര്‍ത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്ത് 10 മിനിട്ട് മാറ്റിവയ്ക്കുക. ശേഷം, ചൂടുള്ള ചോറിനൊപ്പം വിളമ്പാം.