തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ കോടതിവിധി വന്നതിന് പിന്നാലെ പ്രതികരണവുമായി അന്വേഷണ ഉദ്യോഗസ്ഥൻ കെജെ ജോൺസൺ. പ്രോസിക്യൂഷൻ്റെ എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചെന്നും പ്രതിക്ക് മാക്സിമം ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കെജെ ജോൺസൺ പറഞ്ഞു.
അപൂർവങ്ങളിൽ അപൂർവമായ കേസായിരുന്നു ഇത്. അന്വേഷണ ടീമിന്റെ വിജയമാണ്. ഗ്രീഷ്മ ആദ്യഘട്ടത്തിലേ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു. ഗ്രീഷ്മയെ തള്ളിപ്പറയാൻ ആദ്യഘട്ടത്തിൽ ഷാരോണും ശ്രമിച്ചിട്ടില്ല. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് ഗ്രീഷ്മയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുക മാത്രമല്ല, കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞു. കേസിൻ്റെ അന്വേഷണത്തിനായി ആദ്യഘട്ടത്തിൽ ഒരു സ്പെഷ്യൽ സംഘത്തെ നിയമിച്ചിരുന്നു. മറ്റു തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്നത്. ഗ്രീഷ്മയുടെ ചാറ്റുകളും സംസാരവും വീഡിയോ കോളുകളും മറ്റു മൊഴികളും പരിശോധിച്ചു. തുടർന്നാണ് സംശയത്തിൻ്റെ നിഴലിലായിരുന്ന ഗ്രീഷ്മയെ പ്രതിയാക്കുന്നത്. അന്വേഷണത്തിലാണ് മാരകമായ കീടനാശിനി കലർത്തി കഷായം നൽകിയതിനെ തുടർന്നാണ് ഷാരോൺ മരിക്കുന്നതെന്ന് കണ്ടെത്തിയത്. ആശുപത്രിയിലാവുന്നതിന് മുമ്പ് അവസാന ദിവസം ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ പോയിരുന്നു. പിന്നീടാണ് ഛർദിച്ച് അവശനായത്. ഗ്രീഷ്മ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. ഷാരോണിൻ്റെ ഭാഗത്തുനിന്നും യാതൊരു തരത്തിലുമുള്ള പീഡനവും ഉണ്ടായിട്ടില്ലെന്നും തെളിഞ്ഞുവെന്നും കെജെ ജോൺസൺ പറഞ്ഞു.
വിധിയിൽ സന്തോഷമുണ്ടെന്ന് ഡി ശില്പ ഐപിഎസ് പ്രതികരിച്ചു. അന്വേഷണ സംഘത്തെ ഗ്രീഷ്മ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു. പല ഘട്ടങ്ങളിലും വെല്ലുവിളി ഉണ്ടായി. അന്വേഷണ സംഘം ഒരുമിച്ച് നിന്ന് പ്രവർത്തിച്ചു. മറ്റ് പ്രതികളുടെ ശിക്ഷാവിധി സംബന്ധിച്ച് നിയമപരമായി ആലോചിച്ച് മുന്നോട്ട് പോകുമെന്നും ശില്പ ഐപിഎസ് പറഞ്ഞു.
പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയറാണ് കോടതി വിധിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന് 3 വര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.
കാമുകനായ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള വിധിയാണ് വായിച്ചത്.
CONTENT HIGHLIGHT: investigating officer jk johnson about sharon case