Box Office

ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കിയോ കങ്കണയുടെ ‘എമർജൻസി’, കളക്ഷൻ കണക്കുകള്‍ പുറത്ത്

കങ്കണ റണാവത്ത് സംവിധാനം ചെയ്ത് നായികയായെത്തുന്ന പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് എമർജൻസി.1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സിനിമയാണ് എമർജൻസി. ജനുവരി 17 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.

അതേസമയം, കങ്കണയുടെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സാക്നില്‍ക്കിന്‍റെ റിപ്പോർട്ട് പ്രകാരം എമർജൻസി ഇതുവരെ ബോക്സ് ഓഫീസിൽ നിന്ന് 10 കോടിയാണ് നേടിയിരിക്കുന്നത്. ആദ്യ ദിവസം 2.5 കോടിയായിരുന്നു എമർജൻസിയുടെ നേട്ടം. രണ്ടാം ദിവസമായ ശനിയാഴ്ച ഇത് 3.6 കോടിയായി ഉയർന്നു. 4.35 കോടിയാണ് ചിത്രം മൂന്നാം ദിവസമായ ഞായറാഴ്ച സ്വന്തമാക്കിയത്.

കണക്കുകൾ പ്രകാരം ബോക്സ് ഓഫീസിൽ തരക്കേടില്ലാത്ത പ്രകടനമാണ് ചിത്രം നേടിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതേ കളക്ഷൻ തുടർന്നാൽ ചിത്രത്തിന് ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കാനാകും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.

അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, അന്തരിച്ച സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിൽ കങ്കണയ്ക്കൊപ്പം അഭിനയിക്കുന്നത്. സീ സ്റ്റുഡിയോസും കങ്കണയുടെ മണികർണിക ഫിലിംസും ചേർന്നാണ് എമർജൻസി നിർമിച്ചിരിക്കുന്നത്. മലയാളി താരമായ വിശാഖ് നായരുടെ പ്രകടനത്തിനും നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. ‘യുഎ’ സർട്ടിഫിക്കേഷന്‍ ആണ് സിനിമക്ക് ലഭിച്ചിരിക്കുന്നത്.

സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്ന പരാതിയെ തുടർന്ന് സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് ആദ്യം നിഷേധിച്ചിരുന്നു. പിന്നീട് സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് ഇപ്പോൾ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Latest News