തിരുവനന്തപുരം: കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ. 24 വയസ് മാത്രമാണ് ഗ്രീഷ്മയുടെ പ്രായം. കേരള മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു ഷാരോണിന്റെ കൊലപാതകം. കേരളത്തില്‍ ഇപ്പോള്‍ വധശിക്ഷ കാത്ത് കഴിയുന്ന രണ്ടാമത്തെ സ്ത്രീയുമായി ഗ്രീഷ്‌മ മാറി.
കൊല്ലത്തെ വിധുകുമാരൻ തമ്പി വധക്കേസിൽ 2006 മാർച്ചിലാണ് ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷയ്ക്ക് വിധിക്കുന്നത്. രണ്ടാമത് വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ ഒന്നാം പ്രതിയായ റഫീക്ക ബീവിക്കാണ് വധശിക്ഷ ലഭിച്ചത്. റഫീക്കാ ബീവിക്കും ഗ്രീഷ്മയ്ക്കും വധ ശിക്ഷവിധിച്ചത് നെയ്യാറ്റിക്കര അഡീഷണൽ സെഷൻസ് കോടതി തന്നെയാണ്. മാത്രമല്ല, രണ്ട് കേസിലും അഡിഷണൽ ജില്ലാ ജഡ്ജി എഎം ബഷീർ തന്നെയാണ് വിധി പറഞ്ഞത്.
2006ൽ ആയിരുന്നു വിധുകുമാരൻ തമ്പി വധക്കേസിൽ പ്രതിയായ ബിനിതയ്ക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. അന്ന് ബിനിതയ്ക്ക് 35 വയസായിരുന്നു. കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച വധശിക്ഷ പിന്നീട് മേൽക്കോടതി ജീവപര്യന്തമായി കുറച്ചു. ബിനിത ഇപ്പോൾ അട്ടക്കുളങ്ങര ജയിലിലാണ്. തിരുവനന്തപുരം മിലിട്ടറി ക്യാമ്പിനടുത്ത് കട നടത്തിയിരുന്ന വിധുകുമാരൻ തമ്പിയെ ബിനിതയും മിലിട്ടറി ക്യാമ്പിലെ നഴ്സായിരുന്ന കാമുകൻ രാജുവും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം കാറിന്റെ ഡിക്കിയിൽ കിടത്തി കൊണ്ടുപോയി ഊട്ടിക്കടുത്ത് കൊക്കയിൽ തള്ളുകയായിരുന്നു.
ഇന്ന് ഷാരോൺ കേസിൽ വധശിക്ഷ വിധിച്ചതോടെ 55 പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽമാത്രം 25പേർ. ഒടുവിൽ വധശിക്ഷ നടപ്പാക്കിയത് 33വർഷം മുമ്പായിരുന്നു. ചുറ്റിക കൊണ്ട് 14പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ റിപ്പർചന്ദ്രനെ 1991ലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്. പൂജപ്പുരയിൽ 1979ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് ഒടുവിൽ തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണ് കേസ്.
ഷാരോണ്‍ രാജ് വധക്കേസില്‍ ഷാരോണിന്‍റെ കാമുകിയും ഒന്നാം പ്രതിയുമായ ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല്‍കുമാറിന് മൂന്ന് വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഷാരോണിനെ പ്രണയബന്ധത്തില്‍ നിന്ന് ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ പ്രോസിക്യൂഷന്‍റെ എല്ലാ വാദങ്ങളും അംഗീകരിച്ചാണ് കോടതി കേരള ചരിത്രത്തിലെ തന്നെ നിര്‍ണായകമായ വിധിപ്രസ്താവം നടത്തിയത്. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കി.
കാമുകൻ ഷാരോണിനെ ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25ന് ചികിത്സയിലിരിക്കേ ഷാരോണിന്‍റെ മരണം സംഭവിച്ചു. കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല്‍കുമാറിനെ 3 വര്‍ഷം തടവുശിക്ഷയ്ക്കും നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.
CONTENT HIGHLIGHT: greeshma youngest female convict kerala sentenced to death