ഒരു കാലത്ത് സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ പോലെ ബോക്സ് ഓഫീസ് നിറച്ച നടനാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നിവിൻ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി. നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ് ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ പോളി. എന്നാൽ കുറച്ചുനാളായി നല്ലൊരു ബോക്സ് ഓഫീസ് വിജയം അദ്ദേഹത്തിനില്ല.
ഇപ്പോഴിതാ, തനിക്കൊരു പ്രശ്നമുണ്ടായപ്പോൾ കൂടെ നിന്നത് ജനങ്ങളാണെന്ന് പറയുകയാണ് നിവിൻ പോളി. ഒരു പ്രശ്നം വന്നപ്പോൾ ചേർത്തുപിടിച്ചത് ജനങ്ങളും പ്രേക്ഷകരുമാണെന്നും ഈ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നും നിവിൻ പോളി പറഞ്ഞു. നിലമ്പൂരിൽ നടന്ന ഗോകുലം നൈറ്റിൽ സംസാരിക്കുകയായിരുന്നു നിവിൻ പോളി. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന ജനങ്ങളോട് നന്ദി പറയാൻ ഒരു വേദി കിട്ടിയിരുന്നില്ലെന്നും നിവിൻ പറഞ്ഞു.
‘‘ഒരുപാട് നാളുകൾക്കുശേഷമാണ് ഇത്രയും വലിയ ജനക്കൂട്ടത്തിനു മുന്നിൽ നിൽക്കുന്നത്. എന്റെ വീട് ആലുവയിലാണ്. ആലുവ ശിവരാത്രി മഹോത്സവം നാട്ടിൽ നടക്കാറുണ്ട്. ഇവിടുത്തെ ഈ ഉത്സവവും കടകളുമൊക്കെ അതിനെ ഓർമപ്പെടുത്തുന്നു. 2018ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ എന്റെ വീട് മുഴുവൻ വെള്ളം കയറിയിരുന്നു. അവസാനം വീട് പുതുക്കി പണിയേണ്ടി വന്നു. പുതുക്കി പണിയുന്ന സമയത്ത് എന്റെ ആഗ്രഹം നിലമ്പൂരിലെ തേക്ക് വച്ച് പണിയണമെന്നായിരുന്നു. അങ്ങനെ ഇവിടെ വന്ന് ഡിപ്പോയില്‍ നിന്ന് തടിയെടുത്തിരുന്നു. നിലമ്പൂരിലെ മരങ്ങളാണ് ഇപ്പോൾ വീട്ടിലുള്ളത്.
അടുത്തിടെ ഉണ്ടായ പ്രശ്നങ്ങളൊക്കെ എല്ലാവർക്കും അറിയാം. ആ പ്രശ്നങ്ങൾക്കുശേഷം ഞാനങ്ങനെ പുറത്തെ പരിപാടികൾക്കൊന്നും പോകാറുണ്ടായിരുന്നില്ല. ഗോപാലൻ ചേട്ടൻ എനിക്കൊരു മെന്ററിനെപ്പോലെയും ജ്യേഷ്ഠനെപ്പോലെയുമാണ്. അതുകൊണ്ടാണ് വിളിച്ചപ്പോൾ ഓടിവന്നതാണ്. എനിക്കൊരു പ്രശ്നം വന്നപ്പോൾ കൂടെ നിന്നത് ജനങ്ങളാണ്. നിങ്ങൾക്കൊരു നന്ദി പറയാൻ എനിക്കു വേദി കിട്ടിയിട്ടില്ല. ഈ വേദി അതിന് ഉപയോഗിക്കുന്നു.
ഈ വർഷം നല്ല സിനിമകളുമായി നിങ്ങളുടെ മുന്നിൽ വരും. ആ പ്രോത്സാഹനവും സ്നേഹവും ഇനിയും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ വർഷം രണ്ടു ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി തിയറ്ററുകളിലെത്തിയത്. മലയാളി ഫ്രം ഇന്ത്യയും വർഷങ്ങൾക്കു ശേഷവും. നിവിൻ അതിഥിവേഷത്തിലെത്തിയ വർഷങ്ങൾക്കു ശേഷം ബോക്സ്ഓഫിസിൽ വിജയം നേടി. ചിത്രത്തിലെ നിവിന്റെ കഥാപാത്രവും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.
നയൻതാര – നിവിൻ പോളി കോമ്പിനേഷനിൽ ഒരുങ്ങുന്ന ഡിയർ സ്റ്റുഡൻസ് എന്ന ചിത്രമാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്. ‘ലവ് ആക്‌ഷൻ ഡ്രാമ’യ്ക്കു ശേഷം നിവിൻ പോളിയും നയൻ താരയും വീണ്ടും ഒന്നിക്കുന്ന ചിത്രം ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ച് സംവിധാനം ചെയ്യുന്നു. ഒരു ഫീൽഗുഡ് എന്റർടെയ്നറായിരിക്കും സിനിമ എന്നാണ് സൂചന.
ഫാർമയെന്ന വെബ് സീരീസും നിവിൻ പോളിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ടാണ്. നിവിൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസിന്റെ സംവിധായകൻ പി.ആർ. അരുൺ ആണ്. അരുൺ തന്നെയാണ് ഫാർമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
വണ്ണം കുറച്ചുള്ള നിവിന്റെ ട്രാൻസ്ഫർമേഷൻ ചിത്രങ്ങൾ അടുത്തിടെ ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറച്ചു നാളുകളായി ശരീര വണ്ണത്തിന്റെ പേരിൽ വലിയ രീതിയിൽ വിമർശിക്കപ്പെടുന്ന നടന്റെ തിരിച്ചുവരവായാണ് ആരാധകർ ചിത്രങ്ങളെ ആഘോഷമാക്കിയത്.