Kerala

എംജെ സോജന് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ്; വാളയാര്‍ കുട്ടികളുടെ മാതാവ് നൽകിയ ഹർജി തള്ളി ഹൈക്കോടതി | certificate of integrity for mj sojan

നടപടിയിൽ വീഴ്ചയില്ലെന്നും വിഷയത്തിൽ സർക്കാരിനു തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്

കൊച്ചി: വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എംജെ സോജന് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്‌ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കുട്ടികളുടെ മാതാവ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണു സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി തള്ളിയത്.

സോജന് ഐപിഎസ് നൽകുന്നതിന്റെ ഭാഗമായി ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചതിനെതിരെ പെൺകുട്ടികളുടെ മാതാവ് നൽകിയ ഹർജി നേരത്തേ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. പെൺകുട്ടികൾക്കെതിരെ മാധ്യമങ്ങളിലൂടെ സോജൻ മോശം പ്രചാരണം നടത്തിയിരുന്നെന്നും ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ നടപടികൾ നിലവിലുണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റും ഐപിഎസും നൽകാനുള്ള നടപടിയെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

നടപടിയിൽ വീഴ്ചയില്ലെന്നും വിഷയത്തിൽ സർക്കാരിനു തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് പെൺകുട്ടികളുടെ മാതാവ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നേരത്തേ, പെൺകുട്ടികളുടെ മരണത്തിൽ മാതാപിതാക്കളെയും സിബിഐ പ്രതി ചേർത്തിരുന്നു. ബലാത്സംഗ പ്രേരണാകുറ്റം ചുമത്തിയാണ് എറണാകുളം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.