കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിനെ കടത്തിക്കൊണ്ടുപോയതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി യുഡിഎഫ് നൽകിയ ഹർജി ഹൈക്കോടതിയിൽ. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോകപ്പെട്ട കൗൺസിലർ കലാ രാജുവും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കൂത്താട്ടുകുളം നഗരസഭയിലെ എൽഡിഎഫ് ഭരണസമിതിക്കെതിരെ ശനിയാഴ്ച അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനാരിക്കെയാണ് കൗൺസിലർ കലാ രാജുവിനെ കടത്തിക്കൊണ്ടുപോയെന്ന പരാതി ഉയർന്നത്. സിപിഎം കൗൺസിലറായ കലാ രാജു യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാനാരിക്കെയായിരുന്നു സംഭവം. യുഡിഎഫിൻ്റെ 11 കൗൺസിലർമാരും ഒരു സ്വതന്ത്രനും കലാ രാജുവും നഗരസഭയ്ക്ക് മുന്നിൽ വന്നിറങ്ങുമ്പോൾ ചെയർപേഴ്സൻ്റെ വാഹനത്തിൽ ഇവരെ കടത്തിക്കൊണ്ട് പോയെന്നായിരുന്നു പരാതി.
അതിനിടെ, കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കേസെടുത്തങ്കിലും തുടർ നടപടിക്ക് പൊലീസ് മടിക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. കൂത്താട്ടുകുളത്ത് ഇന്ന് വൈകിട്ട് യുഡിഎഫ് പ്രതിഷേധ യോഗവും വിളിച്ചിട്ടുണ്ട്.
സിപിഎം കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയി ഏരിയ കമ്മിറ്റി ഓഫിസിൽ തടഞ്ഞുവച്ച സംഭവം വലിയ രാഷ്ട്രീയ വിവാദമാക്കി മാറ്റാനാണ് യുഡിഎഫ് തീരുമാനം. യുഡിഎഫ് നൽകിയ അവിശ്വാസത്തിൽ ചർച്ച ചെയ്യാനിരിക്കെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. കലാ രാജു കൂറുമാറുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു തട്ടിക്കൊണ്ടു പോകൽ. ക്രൂരമായ വിധത്തിൽ ബലപ്രയോഗം നടത്തി വലിച്ചിഴച്ചാണ് സിപിഎം കൗൺസിലറെ സ്വന്തം പാർട്ടിക്കാർ തന്നെ കാറിൽ കടത്തിക്കൊണ്ടു പോയത്.
തുടർന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കലാ രാജുവിനെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കോൺഗ്രസ് നേതാക്കളുടെ സംരക്ഷണയിലാണ് കലാ രാജു ആശുപത്രിയിലെത്തിയത്. കോൺഗ്രസ് ജില്ലാ നേതൃത്വവും എംഎൽഎമാരു ഇന്നലെ കലാ രാജുവിനെ സന്ദർശിക്കുകയും ചെയ്തിരുന്നു. തന്നെ കോൺഗ്രസ് അംഗങ്ങളാണ് സംരക്ഷിച്ചത് എന്ന് കലാ രാജുവും വ്യക്തമാക്കിയിട്ടുണ്ട്.
അനിഷ്ടസംഭവങ്ങളുണ്ടായ സാഹചര്യത്തിൽ മുടങ്ങിപ്പോയ അവിശ്വാസം പരിഗണിക്കൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കൗൺസിലർമാർക്ക് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടും ഇത് ഉണ്ടായില്ലെന്ന കാര്യം കലാ രാജുവും ചൂണ്ടിക്കാട്ടും. ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് ഇരു ഭാഗത്തേയും 45 വീതം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കല രാജുവിന്റെ മക്കൾ നൽകിയ പരാതിയിൽ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സിപിഎം ഏരിയ സെക്രട്ടറി പി.ബി.രതീഷ്, നഗരസഭാധ്യക്ഷ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവരുൾപ്പെടെ 45 പേർക്കെതിരെയാണ് കേസ്. അനൂബ് ജേക്കബ് എംഎൽഎ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ് മറ്റൊരു കേസ്.