Kerala

എൻ.എം.വിജയന്റെ ആത്മഹത്യ; കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിനു ഹാജരായി; ചോദ്യം ചെയ്യലിനു ഹാജരാകാൻ സാവകാശം തേടി എംഎൽഎ | nm vijayan case congress leaders questioning

മൂന്നു പേർക്കും ശനിയാഴ്ച കൽപറ്റ ജില്ലാ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു

ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയിൽ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിനു ഹാജരായി. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ.കെ.ഗോപിനാഥൻ എന്നിവരാണ് ഹാജരായത്. ബത്തേരി ഡിവൈഎസ്പി കെ.കെ.അബ്ദുൽ ഷെരീഫിന്റെ മുന്നിലാണ് ഇവർ എത്തിയത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഈ മാസം 25നകം ഹാജരാകും.

കേസിൽ പ്രതികളായ മൂന്നു പേർക്കും ശനിയാഴ്ച കൽപറ്റ ജില്ലാ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു. നിയമസഭ നടക്കുന്നതിനാലാണ് എംഎൽഎ ചോദ്യം ചെയ്യലിനു ഹാജരാകാൻ സാവകാശം തേടിയത്.

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തെ സംബന്ധിച്ച് ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും അടങ്ങുന്ന ഒൻപതംഗ സംയുക്ത സംഘമാണ് അന്വേഷിക്കുന്നത്. കേസ് പൂർണമായും ക്രൈംബ്രാഞ്ചിനു കൈമാറാനാണ് ആദ്യം തീരുമാനമുണ്ടായത്. എന്നാൽ ബത്തേരി ഡിവൈഎസ്പിയുെട നേതൃത്വത്തിൽ അന്വേഷണം ഏറെ മുന്നോട്ടുപോകുകയും അറുപതോളം പേരെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ കേസ് പൂർണമായി ക്രൈംബ്രാ‍ഞ്ചിലേക്കു മാറ്റേണ്ടതില്ല എന്നു തീരുമാനിക്കുകയായിരുന്നു.

നിലവിലെ അന്വേഷണത്തിൽ ആക്ഷേപമോ പരാതികളോ ഉണ്ടായിരുന്നില്ല. ഇതോടെയാണ് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ചേർന്ന സംയുക്ത സംഘം അന്വേഷിക്കട്ടെയെന്നു തീരുമാനിച്ചത്. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് ടീം ലീഡർ. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് മേൽനോട്ടച്ചുമതല.

CONTENT HIGHLIGHT: nm vijayan case congress leaders questioning