India

സെയ്ഫിന് എതിരെയുള്ള ആക്രമണം പുനരാവിഷ്കരിക്കാൻ മുംബൈ പൊലീസ്; കുറ്റം സമ്മതിച്ച് പ്രതി | police may take accused to actors home to recreate scene

അക്രമിയെ പ്രതിരോധിക്കാൻ ശ്രമിച്ച നടനെ കൈയ്യിലെ കത്തി ഉപയോ​ഗിച്ച് പ്രതി കുത്തുകയായിരുന്നു

മുംബൈ: ബോളിവുഢ് താരം സെയ്ഫ് അലി ഖാനെ കുത്തിപരിക്കേൽപ്പിച്ച സംഭവം പുനരാവിഷ്കരിക്കാൻ ഒരുങ്ങി മുംബൈ പൊലീസ്. സെയ്ഫ് അലിഖാൻ്റെ വസതിയിൽ കയറിയത് അടക്കമുള്ള കാര്യങ്ങൾ പുനരാവിഷ്കരിക്കും. ‘സത്ഗുരു ശരൺ’ ബിൽഡിംഗിലുള്ള സെയ്ഫ് അലിഖാൻ്റെ വീട്ടിലേക്ക് പൊലീസ് ഷരീഫുളിനെ എത്തിക്കും. പ്രതിയെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ ബാന്ദ്ര പൊലീസ് സ്‌റ്റേഷനിലാണ് പ്രതി.

താനെ ജില്ലയിലെ ഘോഡ്ബന്ദര്‍ റോഡിലെ ഹിരാനന്ദാനി എസ്റ്റേറ്റില്‍വെച്ചാണ് അക്രമിയെ പിടികൂടിയത്. മെട്രോനിര്‍മാണ സ്ഥലത്തിനുസമീപമുള്ള തൊഴിലാളിക്യാമ്പിലായിരുന്നു ഇയാള്‍. ബംഗ്ലാദേശ് രാജ്ഭാരി സ്വദേശിയായ ഷരീഫുൾ ഇസ്‌ലാം മാൾഡ വഴിയാണ് ഇന്ത്യയിൽ എത്തിയത്. ഇന്ത്യയിലേക്ക് എത്താൻ ഒരു ഏജന്റ് പ്രതിയെ സഹായിച്ചു എന്ന നിർണായക വിവരവും പുറത്ത് വന്നിട്ടുണ്ട്.

സെയ്ഫ് അലി ഖാൻ താമസിക്കുന്ന 13 നില കെട്ടിടത്തിൽ 8 നില വരെ സ്റ്റെപ്പ് കയറിയ പ്രതി തുടർന്ന് 11–ാം നിലയിലേക്ക് പൈപ്പിലൂടെയാണ് നുഴഞ്ഞുകയറിയത്. പിന്നീട് ഇതുവഴി നടന്റെ വീട്ടിലെ കുളിമുറിയിലേക്കും തുടർന്നു മകന്റെ കിടപ്പുമുറിയിലേക്കും പ്രവേശിക്കുകയായിരുന്നു.‌ പ്രതിയെ കണ്ട ജോലിക്കാരി ബഹളം വച്ചതിനെ തുടർന്ന് സെയ്ഫ് അലി ഖാൻ ഇവിടേക്ക് എത്തുകയായിരുന്നു. അക്രമിയെ പ്രതിരോധിക്കാൻ ശ്രമിച്ച നടനെ കൈയ്യിലെ കത്തി ഉപയോ​ഗിച്ച് പ്രതി കുത്തുകയായിരുന്നു. പ്രതിയെ വീടിനുള്ളിലാക്കി നടൻ വാതിൽ അടച്ചെങ്കിലും കുളിമുറിയിൽ കയറി വന്നവഴി പൈപ്പിലൂടെ നുഴഞ്ഞിറങ്ങി, സ്റ്റെപ്പ് വഴി രക്ഷപ്പെടുകയായിരുന്നു. ശേഷം പ്രതി രാവിലെ ഏഴു മണിവരെ ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങി. തുടർന്ന് ട്രെയിനിൽ മധ്യ മുംബൈയിലെ വർളിയിൽ ഇറങ്ങുകയായിരുന്നു. പ്രതിയുടെ ബാഗിൽനിന്ന് ചുറ്റിക, സ്ക്രൂ ഡ്രൈവർ, നൈലോൺ കയർ എന്നിവയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിനാണു കെട്ടിടത്തിൽ കയറിയതെന്നും സെയ്ഫ് അലി ഖാന്റെ വീടാണെന്ന് അറിയില്ലായിരുന്നുവെന്നും പിടിയിലായ മുഹമ്മദ് ഷെരിഫുൽ ഇസ്‌ലാം മൊഴി നൽകി.

വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയിൽ മോഷ്ടാവ് എത്തിയത്. സെയ്ഫിന്റെ മകൻ ജേഹിന്റെ റൂമിൽ കയറിയ അക്രമി ഒരു കോടി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കിൽ കുട്ടിയെ ആക്രമിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ അപകട നില തരണം ചെയ്തു. 5 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് സെയ്ഫ് അലി ഖാന് ചെയ്തത്. ശസ്ത്രക്രിയയിൽ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തു.ആറ് തവണയാണ് നടന് കുത്തേറ്റത്.

CONTENT HIGHLIGHT: police may take accused to actors home to recreate scene

Latest News