India

‘വിമാനത്താവളം പരന്തൂരിൽ വേണ്ട, നിയമ പോരാട്ടത്തിന് ഒരുങ്ങും’; പരന്തൂരിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് വിജയ് | vijay declared support for the people of parantur

കഴിഞ്ഞ 900 ദിവസങ്ങളായി സമരമുഖത്താണ് പരന്തൂരിന് ചുറ്റുമുള്ള 13 ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍

കാഞ്ചിപുരം: വിമാനത്താവളത്തിന് വേണ്ടിയുള്ള കുടിയൊഴിപ്പിക്കലിനെതിരെ ജനങ്ങൾ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ വിജയ് പരന്തൂരിലെത്തി. തന്റെ രാഷ്ട്രീയ യാത്ര പരന്തൂരിലെ ജനങ്ങളുടെ ആശീർവാദത്തോടെ ആരംഭിക്കുകയാണെന്ന് വിജയ് പറഞ്ഞു. തമിഴക വെട്രി കഴകം വിമാനത്താവള പദ്ധതിക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ജനങ്ങളുടെ സമരത്തിൽ ഇനിമുതൽ ടിവികെ ഒപ്പമുണ്ടാകുമെന്നും വോട്ട് രാഷ്ട്രീയം അല്ല തങ്ങളുടെ ലക്ഷ്യമെന്നും വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. താൻ വികസന വിരോധിയല്ല. വിമാനത്താവളം വേണ്ടെന്നും അഭിപ്രായമില്ല. എന്നാൽ വിമാനത്താവളം പരന്തൂരിൽ വേണ്ടെന്നാണ് നിലപാട് എന്നും വിജയ് പറഞ്ഞു. കൃഷിയേയും കൃഷിക്കാരെയും ഉപദ്രവിച്ചുള്ള വികസനം തമിഴ്നാടിന് വേണ്ടെന്നും വ്യക്തമാക്കിയ നടൻ ഡിഎംകെയ്ക്കെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചു. എന്തോ ലാഭം കണ്ടാണ് ആദ്യം പദ്ധതിയെ എതിർത്ത ഡിഎംകെ ഇപ്പോൾ പദ്ധതിയെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. നാടകം ജനങ്ങളോട് വേണ്ട.നിങ്ങളുടെ സൗകര്യം പോലെ നാടകം കളിക്കരുത് എന്നും ഡിഎംകെയ്ക്ക്‌ വിജയ് താക്കീത് നൽകി.

കഴിഞ്ഞ 900 ദിവസങ്ങളായി സമരമുഖത്താണ് പരന്തൂരിന് ചുറ്റുമുള്ള 13 ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍. ഈ ഗ്രാമങ്ങളില്‍ നിന്നും 5,746 ഏക്കര്‍ ഏറ്റെടുത്ത് വിമാനത്താവള നിര്‍മ്മാണം തുടങ്ങാനാണ് സര്‍ക്കാര്‍ നീക്കം.

പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുളള സൈറ്റ് ക്ലിയറന്‍സ് ലഭിച്ചതോടെ കഴിഞ്ഞ സെപ്റ്റംബറില്‍ തമിഴ്നാട് സര്‍ക്കാര്‍ പരന്തൂരിലെ ഏകനാപുരത്ത് 4445 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കി തുടങ്ങി. ഇതോടെയാണ് സമരമുഖം കൂടുതല്‍ സജീവമായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഒരുപോലെ പ്രയോഗിക്കാന്‍ കിട്ടിയ ആയുധമെന്ന നിലയിലാണ് സംസ്ഥാനത്ത് വേരൂന്നാന്‍ ശ്രമിക്കുന്ന തമിഴക വെട്രി കഴകം വിഷയത്തില്‍ ഇടപെടുന്നത്.

CONTENT HIGHLIGHT: vijay declared support for the people of parantur