Kerala

ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡുകൂടി അനുവദിച്ചു: വെള്ളിയാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും: സംസ്ഥാനം നാളെ 1500 കോടി കൂടി കടമെടുക്കും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍കൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 3200 രൂപവീതം ലഭിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

ജനുവരിയിലെ പെന്‍ഷനും, ഒപ്പം കുടിശിക ഗഡുക്കളില്‍ ഒന്നുകൂടിയാണ് ഇപ്പോള്‍ അനുവദിച്ചത്. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെന്‍ഷന്‍ ഈ സാമ്പത്തിക വര്‍ഷവും അടുത്തസാമ്പത്തിക വര്‍ഷവുമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന് നല്‍കി. രണ്ടാം ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മുലം സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും പെന്‍ഷന്‍ കുടിശികയില്ലാതെ വിതരണം ചെയ്യുകയെന്ന സര്‍ക്കാരിന്റെ ദൃഡനിശ്ചയമാണ് നടപ്പാകുന്നത്.

പെന്‍ഷന്‍ വിതരണത്തിന് ആദ്യ മുന്‍ഗണന ഉറപ്പാക്കുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചു മുതല്‍ പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം 35,400 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചത്. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനത്തില്‍ താഴെമാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 6.8 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്.

കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനം കണ്ടെത്തുന്നു. വാര്‍ദ്ധക്യ, വികലാംഗ, വിധവ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുമാത്രമാണ് നാമമാത്ര കേന്ദ്ര പെന്‍ഷന്‍ വിഹിതമുള്ളത്. ഇതും കുടിശികയാണ്. 2023 നവംബര്‍ മുതല്‍ 419 കോടി രൂപ കേന്ദ്ര വിഹിതം സംസ്ഥാനം മുന്‍കൂറായി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കിയത് കേന്ദ്ര സര്‍ക്കാര്‍ തിരികെ നല്‍കാതെ കുടിശികയാക്കിയിട്ടുണ്ട്.

സംസ്ഥാനം നാളെ 1500 കോടി രൂപ കടമെടുക്കുകയാണ്. കടപ്പത്രം പുറപ്പെടുവിക്കുന്നതിനായുള്ള ലേലം റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ14ന് 2500 കോടി രൂപ കേരളം കടം എടുത്തിരുന്നു. ഈ പണത്തില്‍ നിന്നുമാകാം ക്ഷേമപെന്‍ഷന്റെ കുടിശിക നല്‍കുന്നത്.

ഈ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 അഴസാനിക്കാനിരിക്കെ അനുവദിച്ചിട്ടുള്ള 5510 കോടിയില്‍ നിന്നാണ് 2500 കോടി കടം എടുത്തത്. നാളെ വീണ്ടും 1500 കോടി കടം എടുക്കുന്നതോടെ ഈ സാമ്പത്തിക വര്‍ഷം ഇനി കടം എടുക്കാന്‍ അവശേഷിക്കുന്നത് 1510 കോടിയാണ്. മാര്‍ച്ച് വരെ ചെലവ് ക്രമീകരിക്കാന്‍ 17000 കോടിയുടെ വായ്പാ അനുമതിക്ക് കേരളം അപേക്ഷിച്ചിരുന്നെങ്കിലും കേന്ദ്രം അനുമതി നല്‍കിയില്ല. ഡിസംബര്‍ വരെ 23000 കോടിക്കായിരുന്നു അനുമതി എങ്കിലും പല തവണ കേന്ദ്രം പുതുക്കി നല്‍കിയതോടെ 32000 കോടി കേരളം കടമെടുത്തു. ജനുവരി 14 ന്2500 കോടി കടം എടുത്തതിന് പുറമെ ജനുവരി 21 ന് 1500 കോടിയും കടം എടുക്കുന്നതോടെ ഈ സാമ്പത്തിക വര്‍ഷം കടം എടുത്ത തുക 36000 കോടിയായി ഉയരും.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ 50 ശതമാനം കേരളം വെട്ടിച്ചുരുക്കിയിരുന്നു. ഓരോ വകുപ്പുകളും അതിനനുസരിച്ച് നേരത്തെ ഇറക്കിയ ഭരണാനുമതി ഉത്തരവുകള്‍ പുതുക്കി ഇറക്കിയിരുന്നു. അതേ അവസരത്തില്‍ ഓരോ വകുപ്പുകളും വരുമാനം ഉയര്‍ത്താന്‍ തങ്ങളുടെ സര്‍വീസുകളുടെ ഫീസുകള്‍ കുത്തനെ ഉയര്‍ത്തുകയും ചെയ്തു. 100 ശതമാനം വരെ ഫീസ് ഉയര്‍ത്തിയ വകുപ്പുകള്‍ ഉണ്ട്. ഇങ്ങനെ എല്ലാം ചെയ്തിട്ടും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞില്ല. ക്ഷേമ പെന്‍ഷന്‍ പോലും കൃത്യമായി കൊടുക്കാന്‍ കഴിയുന്നില്ല. 4 മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയായിരുന്നപ്പോള്‍ 6400 രൂപ വീതം ഓരോ ക്ഷേമ പെന്‍ഷന്‍കാരനും ലഭിക്കാനുണ്ടായിരുന്നു. ഈ കുടിസികയാണ് ധനവകുപ്പ് കുറച്ചു കൊണ്ടുവരുന്നത്.

CONTENT HIGH LIGHTS; Two more installments of welfare pension sanctioned: Beneficiaries to start receiving pension from Friday: State to borrow another Rs 1500 crore tomorrow