പാറശ്ശാലയിലെ ഷാരോൺ വധക്കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് കൂടി തൂക്കുകയർ വിധിച്ചതോടെ കേരളത്തിൽ വധശിക്ഷ കാത്തു ജയിലിൽ കഴിയുന്നവരുടെ എണ്ണം 39ലേക്ക് ഉയർന്നിരിക്കുകയാണ്. കഴിഞ്ഞവർഷം രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ മാത്രം 15 പ്രതികൾക്കാണ് കോടതി തൂക്കുകയർ വിധിച്ചത്. എന്നാൽ 1991നു ശേഷം സംസ്ഥാനത്ത് ഇതുവരെ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല. ഒരു തടവുകാരന്റെ വധശിക്ഷ നടപ്പാക്കാൻ ജയിൽ വകുപ്പിന് ചെലവഴിക്കാൻ കഴിയുന്നത് 2 ലക്ഷം രൂപ വരെയാണ്. വധശിക്ഷ നടപ്പാക്കാൻ നിയോഗിക്കപ്പെടുന്ന ജയിൽ ഉദ്യോഗസ്ഥരുടെ സംഘത്തിന് ഉള്ളതാണ് ഈ തുക. ചിലവ് സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതും ഓഡിറ്റിങ്ങിന് വിധേയമാക്കാൻ പാടില്ലാത്തതും ആണ്
2010ലെ കേരള ജയിൽ ചട്ടത്തിലാണ് ഇക്കാര്യങ്ങൾ വ്യവസ്‌ഥ ചെയ്തിട്ടുള്ളത്. വധശിക്ഷ നടപ്പാക്കാൻ ജയിൽ ജീവനക്കാർ തയ്യാറല്ലെങ്കിൽ പുറത്തു നിന്നുള്ള വ്യക്തിയേയോ ഒരു സംഘത്തെയോ ഇതിനായി നിയോഗിക്കാം. രണ്ട് ലക്ഷം രൂപയിൽനിന്നും ആവശ്യമായ തുക ഇതിനായി ഉപയോഗിക്കാം. ജയിൽ സൂപ്രണ്ടിനാണ് ഇതിനുള്ള അധികാരം.
വധശിക്ഷക്ക് വിധിക്കപ്പെട്ട ആളിന്റെ വാറൻ്റിൽ അത് നടപ്പാക്കേണ്ട സ്ഥലം പറയുന്നില്ലെങ്കിൽ ജയിൽ വളപ്പിനുള്ളിൽ ആണ് വധശിക്ഷ നടപ്പാക്കേണ്ടത്. ശിക്ഷ നടപ്പാക്കുന്ന സമയത്ത് സൂപ്രണ്ടും മെഡിക്കൽ ഓഫീസറും ജയിലിന്റെമേൽ അധികാരമുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റും ഹാജരായിരിക്കണം. കഴിവതും സൂര്യോദയത്തിന് ശേഷമായിരിക്കണം വധശിക്ഷ നടപ്പിലാക്കേണ്ടത്.
വധശിക്ഷക്ക് സാക്ഷ്യം വഹിക്കാൻ പരമാവധി 12 പേരെ അനുവദിക്കാൻ ജയിൽ സൂപ്രണ്ടിന് അധികാരമുണ്ട്. സമൂഹത്തിൽ ബഹുമാന്യരായ മുതിർന്ന പുരുഷൻമാരെയോ വധശിക്ഷക്ക് വിധേയനാകുന്ന ആളിന്റെ ബന്ധുക്കളായ മുതിർന്ന പുരുഷന്മാരെയോ ഇങ്ങനെ അനുവദിക്കാം എന്നാണ് ജയിൽ ചട്ടം പറയുന്നത്. എന്നാൽ ശിക്ഷ നടപ്പാക്കുന്ന ഒരു ഘട്ടത്തിലും മറ്റൊരു തടവുകാരനെയും അതിന് ഉപയോഗിക്കാൻ പാടില്ല. അവർ സാക്ഷിയാകാനും പാടില്ല.
ശിക്ഷ നടപ്പാക്കി കഴിയുമ്പോൾ മൃതദേഹം ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അവർ ആവശ്യപ്പെട്ടാൽ വിട്ടുനൽകണം. പ്രത്യേകമായ എന്തെങ്കിലും കാരണങ്ങൾ ഇല്ലെങ്കിൽ മൃതദേഹം അവർക്ക് നൽകാതിരിക്കരുത്.
വധശിക്ഷ നടപ്പാക്കാൻ തീരുമാനിക്കപ്പെട്ടിട്ടുള്ള തിയതിക്ക് ഒരു ദിവസം മുൻപ് തൂക്കുകയർ പരിശോധിക്കണം. തുടർന്ന് അത് പ്രത്യേക സുരക്ഷയിൽ സൂക്ഷിക്കണം. ആളുടെ ഭാരം കണക്കാക്കി വേണം കയർ തിരഞ്ഞെടുക്കാൻ. പരുത്തി കൊണ്ടുള്ള വടമാണ് ഉപയോഗിക്കേണ്ടത്. 2.5 സെന്റിമീറ്റർ വ്യാസം ഉണ്ടായിരിക്കണം. ഇത്തരം മൂന്ന് വടങ്ങളെങ്കിലും ജയിലിൽ സൂക്ഷിക്കണം. ശിക്ഷയ്ക്ക് വിധേയനാകുന്ന ആളിന്റെ ഭാരം 44 കിലോയിൽ കുറവാണെങ്കിൽ 1.98 മീറ്റർ നീളമുള്ള വടമാണ് ഉപയോഗിക്കേണ്ടത്. 57കിലോയിൽ കുറവാണെങ്കിൽ 1.83 മീറ്റർ നീളവും 70 കിലോയിൽ താഴെ ആണെങ്കിൽ 1.68 മീറ്റർ നീളമുള്ള വടവും 70 കിലോയ്ക്ക് മുകളിൽ ആണ് ഭാരമെങ്കിൽ 1.52 മീറ്റർ നീളമുള്ള വടവുമാണ് ഉപയോഗിക്കേണ്ടത് എന്ന് ജയിൽ ചട്ടം കൃത്യമായി പറയുന്നു. തൂക്കുകയർ പരിശോധിക്കുമ്പോൾ ആളിന്റെ ഭാരത്തിന്റെ ഒന്നര മടങ്ങു ഭാരം വടത്തിന്റെ ഒരറ്റത്തു കെട്ടിയും മറ്റേ അറ്റം തൂക്കുമരത്തിന്റ വിലങ്ങനെയുള്ള പടിയിൽ കെട്ടിയുമാണ് ബല പരിശോധന നടത്തേണ്ടത്.
തടവുകാരനെ തൂക്കുമരത്തിലേക്കു കൊണ്ടുപോകും മുൻപ് വാറൻ്റ് വായിച്ചു കേൾപ്പിക്കണം എന്നാണ് നിയമം. ജയിൽ സൂപ്രണ്ടാണ് ഇത് ചെയ്യേണ്ടത്. സൂപ്രണ്ട് ഇംഗ്ലീഷിൽ ഉറക്കെ വായിക്കുന്ന മരണ വാറൻ്റ് ശിക്ഷക്ക് വിധിക്കപ്പെട്ട ആളിന് മനസിലാകുന്ന ഭാഷയിൽ മൊഴിമാറ്റം നടത്തി കേൾപ്പിക്കണം.
വധശിക്ഷ നടപ്പിലാക്കിയാൽ ഒരു മണിക്കൂർ നേരം ശരീരം മരത്തിൽ തന്നെ തൂക്കി നിർത്തണം. തുടർന്ന് മെഡിക്കൽ ഓഫീസർ പരിശോധന നടത്തി മരണം ഉറപ്പുവരുത്തണം. ഇതിനുശേഷമേ താഴെ ഇറക്കാവൂ. ശിക്ഷ നടപ്പാക്കി കഴിഞ്ഞാൽ വധശിക്ഷക്കുള്ള വാറൻ്റ് പുറപ്പെടുവിച്ച കോടതിയിലേക്ക് വിശദ വിവരങ്ങൾ നൽകണം. ഇതിനായുള്ള പ്രത്യേക ഫോറം ജയിൽ സൂപ്രണ്ട് പൂരിപ്പിച്ച് സമർപ്പിക്കണം.
കേരളത്തിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലും കണ്ണൂർ സെൻട്രൽ ജയിലിലും മാത്രമാണ് വധശിക്ഷ നടക്കാനുള്ള സൗകര്യങ്ങൾ ഉള്ളത്. സമൂഹമനസാക്ഷിയെ ഞെട്ടിച്ച അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യങ്ങളിലാണ് നീതിന്യായപീഠം പ്രതിക്ക് തൂക്കുകയര്‍ വിധിക്കുന്നത്. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് തെളിവുകളിലൂടെ ബോധ്യമാകുന്ന ഘട്ടത്തിലാണ് വധശിക്ഷ നൽകുക. കേരളത്തില്‍ 39 പേരാണ് നിലവില്‍ വധശിക്ഷ കാത്ത് ജയിലുകളില്‍ കഴിയുന്നത്. ഇന്നത്തെ വിധിയോടെ ഗ്രീഷ്മ കൂടി പട്ടികയില്‍ ഇടം പിടിച്ചതോടെ വധശിക്ഷ ലഭിച്ച വനിതകളുടെ എണ്ണം 3 ആയി.
2022ലെ വിഴിഞ്ഞം ശാന്തകുമാരി വധക്കേസില്‍ കോവളം സ്വദേശി റഫീഖ ബീവി, കൊല്ലം വിധുകുമാരന്‍ തമ്പി വധക്കേസില്‍ തമ്പിയുടെ ഭാര്യ ബിനിത കുമാരി എന്നിവരാണ് മറ്റു സ്ത്രീകള്‍. ബിനിതയുടെ ശിക്ഷ പിന്നീട് മേല്‍ക്കോടതി ജീവപര്യന്തമാക്കി കുറച്ചു. റഫീഖ ബീവിയ്ക്കും മകനും വധശിക്ഷ വിധിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം ബഷീറാണ് ഇന്ന് ഗ്രീഷ്മയെയും ശിക്ഷിച്ചത്.
സംസ്ഥാനത്ത് ഒരു കേസില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ വിധിച്ചത് കഴിഞ്ഞ വര്‍ഷം രഞ്ജിത്ത് ശ്രീനിവാസന്‍ കേസിലായിരുന്നു. 15പേർക്കാണ് ഈ കേസിൽ വധശിക്ഷ വിധിച്ചത്. ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച കൊലപ്പെടുത്തിയ കേസിലും മൂക്കന്നൂര്‍ കൂട്ടക്കൊലയിലും പ്രതികള്‍ക്ക് വധശിക്ഷയാണ് ലഭിച്ചത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥരും വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നവരുടെ പട്ടികയിലുണ്ട്. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടി കൊലക്കേസ് പ്രതി എ.എസ്.ഐ ജിത കുമാറാണ് അത്. ഇതേ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിവിൽ പൊലീസ് ഓഫീസർ ശ്രീകുമാര്‍ ജയില്‍ വാസത്തിനിടെ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. പെരുമ്പാവൂരിൽ നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്ലാമിനേയും കാത്തിരുന്നത് വധശിക്ഷയാണ്.
പ്രതികളെ കോടതികൾ വധശിക്ഷയ്ക്ക് വിധിക്കുമ്പോഴും ശിക്ഷ നടപ്പാക്കുന്നത് അപൂര്‍വമാണ്. തിരുവനന്തപുരത്തും കണ്ണൂരുമാണ് സെൻട്രൽ ജയിലുകളിൽ കഴുമരമുളളത്. 34 കൊല്ലം മുന്‍പ് 1991ല്‍ കണ്ണൂരിലാണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്. 14 പേരെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ റിപ്പര്‍ ചന്ദ്രനെയാണ് അന്ന് തൂക്കിക്കൊന്നത്. പൂജപ്പുരയില്‍ അവസാനം കഴുവേറ്റിയത് 1974ല്‍ കളിയാക്കിവിള സ്വദേശി അഴകേശനേയും.
മിക്കവാറും കേസുകളില്‍ മേല്‍ക്കോടതി ശിക്ഷ ഇളവ് ചെയ്യുകയാണ് പതിവ്. അല്ലെങ്കില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി വധശിക്ഷ ഒഴിവാക്കാനുളള നടപടികളും പ്രതിക്ക് സ്വീകരിക്കാന്‍ കഴിയും. നിര്‍ഭയ കേസില്‍ 2020ല്‍ നാലുപേരുടെ ശിക്ഷ നടപ്പാക്കിയതാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ നടപ്പാക്കിയ വധശിക്ഷ.
CONTENT HIGHLIGHT: rules for execution capital punishment central jail