India

സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ പരാതിയിൽ മാസങ്ങളായിട്ടും ചെയര്‍മാന്‍ ഇടപെടുന്നില്ല; സുരേഷ് ഗോപിയ്ക്കെതിരെ ആക്ഷേപം | protests against suresh gopi

സുരേഷ് ഗോപി മൗനം പാലിക്കുന്നുവെന്ന് സംഘടന പറയുന്നു

ന്യൂഡല്‍ഹി: സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ പരാതിയിൽ ചെയര്‍മാനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയ്ക്കെതിരെ വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്(വാഷ്)എന്ന സംഘടന രംഗത്ത്. സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരായ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നിട്ട് മാസങ്ങളായിട്ടും ചെയര്‍മാന്‍ ഇടപെടുന്നില്ലാണ് പരാതി. സുരേഷ് ഗോപി മൗനം പാലിക്കുന്നുവെന്ന് സംഘടന പറയുന്നു.

ഫേസ്ബൂക്കിലൂടെയാണ് സംഘടന ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റേണല്‍ കമ്മിറ്റി ചെയര്‍മാന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും ആ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടിക്കായി ചെയര്‍മാന്‍ തീരുമാനം എടുത്തില്ല എന്നാണ് പരാതിക്കാരിയായ അസിസ്റ്റന്റ് പ്രഫസര്‍ ആരോപിക്കുന്നത്. ശാരീരിക ആക്രമണം, ലൈംഗികാതിക്രമം, ജാതി അധിക്ഷേപം, അസഭ്യ പരാമര്‍ശങ്ങള്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പരാതികളാണ് യുവതി ആഭ്യന്തര സമിതിക്ക് നല്‍കിയിരുന്നത്.

ഇടപെടല്‍ തേടി പരാതിക്കാരിയായ അസി. പ്രഫസര്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ലെന്നും പോസ്റ്റില്‍ പറയുന്നു. പോഷ് നിയമപ്രകാരം പരാതി ലഭിച്ച് 90 ദിവസത്തിനകം ഐ സി സി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ചട്ടം. സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള ഗവേണിംഗ് കൗണ്‍സിലിന് മുമ്പാകെയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ടാംഘട്ട അന്വേഷണം ആരംഭിക്കുന്നതിനായി എസ് ആര്‍ എഫ് ടി ഐ അച്ചടക്ക സമിതി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സുരേഷ് ഗോപി ഒപ്പിടേണ്ടതുണ്ട്. എന്നാല്‍ സുരേഷ് ഗോപി ഇതുവരെ അതിന് തയ്യാറായില്ലെന്നാണ് ആരോപണം.

CONTENT HIGHLIGHT: protests against suresh gopi