വിധവയായ ആദിവാസി സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ടു വർഷത്തോളം പീഡിപ്പിച്ചതായി പരാതി. കാട്ടിക്കുളം പനവല്ലി സ്വദേശിയായ നാൽപ്പതിമൂന്നുകാരിയാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കാട്ടിക്കുളം പുളിമൂട് കുന്ന് സ്വദേശി വർഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 2023 മുതലാണ് പ്രതി തന്നെ പീഡിപ്പിക്കാൻ തുടങ്ങിയതെന്നാണ് പരാതിക്കാരി പറയുന്നത്.
മകൾക്ക് വിവാഹാലോചനയുമായാണ് വർഗീസ് എത്തിയത്. 2023 ഏപ്രിലിൽ മകളുടെ വിവാഹം കഴിഞ്ഞു. തുടർന്ന് വീട്ടിൽ ഒറ്റക്കായിരുന്നു തന്നെ ഇതിനിടെ വർഗീസ് എത്തി പീഡിപ്പിക്കുകയായിരുന്നു. തനിക്ക് ഇടയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടാകാറുള്ളതും ഇയാൾ മറയാക്കി. സുഹൃത്തായ മന്ത്രവാദി നൽകിയതാണെന്നു പറഞ്ഞ് വർഗീസ് ചരട് കൊണ്ടുവന്ന് തന്റെ കയ്യിൽകെട്ടി. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു.
കർണാടകയിലെ ഏതോ സ്വാമിയുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നാണ് വർഗീസ് പറഞ്ഞത്. തന്നെ കൊല്ലാൻ സ്വാമി പറഞ്ഞെന്നും ഈയിടെ വർഗീസ് പറഞ്ഞിരുന്നു. കുടുംബത്തിലെ ഒരാൾ മരിച്ചാൽ ബാക്കിയുള്ളവരും ഒന്നൊന്നായി മരിക്കുമെന്നും വർഗീസ് പറഞ്ഞു. ഇതോടെയാണ് മകളെ വിവരം അറിയിച്ചത്. മകൾ എത്തിയശേഷമാണ് പരാതി നൽകിയത്. എന്നാൽ പരാതി ഒത്തു തീർപ്പാക്കാമെന്നും 6000 രൂപ നൽകാമെന്നും അറിയിച്ച് വർഗീസ് ഉൾപ്പെടെയുള്ളവർ തന്നെക്കൊണ്ട് ഒപ്പിട്ടു വാങ്ങിയെന്നും സ്ത്രീ പറഞ്ഞു. സംഭവത്തെക്കുറിച്ച് തിരുനെല്ലി പോലീസ് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: widowed tribal woman threatened and raped