പീഡനത്തിനിരയായ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. പിജി വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കൊല്ലം കോയിക്കൽഭാഗം സ്വദേശിയായ വിശാഖ് റിമാൻഡ് കാലാവധിക്ക് ശേഷം പുറത്തിറങ്ങി യുവതിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
യുവതിക്ക് പോലീസ് സംരക്ഷണം അനുവദിച്ച് ജസ്റ്റിസ് സി.എസ്. ഡയസ് ആണ് വിധി പുറപ്പെടുവിച്ചു. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് യുവതിക്ക് നേരെ പീഡനം നടന്നത്. പീഡനത്തിനിരയായ വിദ്യാർഥിനി എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നു. അതേ കോളേജിലെ തന്നെ എസ്എഫ്ഐ നേതാവായിരുന്നു പ്രതി. പിന്നാലെ ഇരുവരും തമ്മിൽ സൗഹൃദത്തിലാവുകയും തുടർന്ന് പ്രതി പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും 9 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. എന്നാൽ റിമാൻഡ് കാലാവധി പൂർത്തിയാക്കിയശേഷം പുറത്തിറങ്ങിയ പ്രതി കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം ഭീഷണി മുഴക്കിയിരുന്നു. ഇതോടെ ദക്ഷിണ മേഖല പോലീസ് ഇൻസ്‌പെക്ടർ ജനറലിന് വിദ്യാർഥിനി പരാതി നൽകി. പിന്നാലെ കോളേജിലും പുറത്തും വീട്ടിലും പ്രതിയും സംഘവും എത്തി വധഭീഷണി ആരംഭിച്ചതോടെയാണ് പോലീസ് സംരക്ഷണം ആവിശ്യപ്പെട്ട് പെൺകുട്ടി കോടതിയെ സമീപിച്ചത്. പെൺകുട്ടിക്ക് സംരക്ഷണം ഏർപ്പെടുത്താൻ ശാസ്താംകോട്ട പോലീസിന് നിർദേശം നൽകി.
STORY HIGHLIGHT: police protection rape survivor