Kerala

റീൽസ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; ആഡംബരക്കാറിന്റെ ഉടമയെ കണ്ടെത്തി പോലീസ് – real owner identified after months on luxury car accident

പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ ആ‍ഡംബരക്കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിലെ വാഹനത്തിന്റെ യഥാർഥ ഉടമയെ കണ്ടെത്തി പോലീസ്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് യഥാർഥ ഉടമയെ കണ്ടെത്തിയത്. കോഴിക്കോട് കടലുണ്ടി സ്വദേശി എ.കെ.നൗഫലിന്റെ ഉടമസ്ഥതയിലാണ് കാർ എന്നാണ് ഒടുവിൽ കണ്ടെത്തിയത്. നൗഫലിന്‍റെ ഭാര്യയുടെ അക്കൗണ്ട് വഴിയാണ് പണമിടപാടുകള്‍ നടത്തിയത്. നിയമവിരുദ്ധമായി വാഹനം എത്തിച്ച് സംസ്ഥാനത്ത് ഉപയോഗിച്ചതിനാൽ നൗഫൽ കേസിലെ മൂന്നാം പ്രതിയാകുമെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞയാഴ്ച ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലെത്തി മൂന്നംഗ അന്വേഷണസംഘം വിവരം ശേഖരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശി അശ്വിൻ ജെയിന്റെ ഉടമസ്ഥതയിലാണ് കാർ എന്നാണ് ആദ്യം വിവരം ലഭിച്ചത്. ആഡംബര കാറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയുടേതായിരുന്നു കാർ. എന്നാൽ ഈ കാർ ഡൽഹിയിലെ കമ്പനിക്ക് വിറ്റു. ഡൽഹിയിലെ കമ്പനിയിൽ നിന്നാണ് നൗഫൽ വാങ്ങിയത്.

കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിദിന്‍റെ സുഹൃത്താണ് നൗഫല്‍. ബീച്ച് റോഡിൽ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെയാണ് വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും മകൻ ആൽവിൻ കാറിടിച്ച് മരിച്ചത്.

STORY HIGHLIGHT: real owner identified after months on luxury car accident