കാലിഫോര്‍ണിയ: ടിക്‌ടോക്കുമായുള്ള മത്സരം വര്‍ധിക്കുന്നതിനിടെ പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം. എഡിറ്റ്സ് എന്നാണ് ഇന്‍സ്റ്റയുടെ പുതിയ ആപ്പിന്‍റെ പേര്. ക്രിയേറ്റീവ് ടൂളുകള്‍ ലഭ്യമാവുന്ന സമ്പൂര്‍ണ സ്യൂട്ട് എന്നാണ് എഡിറ്റ്‌സ് ആപ്പിന് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരി നല്‍കുന്ന വിശേഷണം.
വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് ഫോണില്‍ ഏറ്റവും മികച്ച എഡിറ്റിംഗ് അനുഭവം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് എഡിറ്റ്‌സ് എന്ന ആപ്പ്. വീഡിയോ പ്രൊഡക്ഷന് വേണ്ടിയുള്ള എല്ലാ ടൂളുകളും ഈ ആപ്ലിക്കേഷനിലുണ്ടാകും. ആപ്പ് സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ട വിവരണ അനുസരിച്ച് എഡിറ്റ്സ് ഒരു സൗജന്യ ആപ്പായിരിക്കും.
റീലുകളുടെ ദൈര്‍ഘ്യം 3 മിനിറ്റായി ഉയര്‍ത്തിയതാണ് ഇന്‍സ്റ്റഗ്രാം അറിയിച്ച മറ്റൊരു അപ്‌ഡേറ്റ്. മുമ്പ് 90 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ റീല്‍സുകളായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നത്. ഇതില്‍ മാറ്റം വരികയാണ്. ഇനി മുതല്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള റീലുകള്‍ ഇന്‍സ്റ്റ അനുവദിക്കും. യൂട്യൂബ് ഷോര്‍ട്‌സിന്‍റെ സമാനമായ വീഡിയോ ദൈര്‍ഘ്യമാണിത്. ഇതിനൊപ്പം പ്രൊഫൈല്‍ ഗ്രിഡുകളില്‍ മാറ്റവും ഇന്‍സ്റ്റഗ്രാം കൊണ്ടുവന്നിട്ടുണ്ട്. ഇതിന്‍റെ വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
content highlight : instagram-announced-edits-app-to-compete-with-tiktok