ഓരോ യാത്രയും ഓരോ അനുഭവമാണ്. നമ്മൾ അറിയാത്ത, നമ്മൾക്ക് പരിചയമില്ലാത്ത ഒരുപാട് ഇടങ്ങളും ജീവിതങ്ങളും യാത്രകളിലൂടെ നമുക്ക് അടുത്തറിയാം. അത്തരമൊരു യാത്രയ്ക്ക് നേരമായി എന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ അടിപൊളി ഒരു സ്പോട്ടിനെ കുറിച്ചാണ് പറയാനുള്ളത്. കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ലയായ കാസർഗോഡ് ആണ് സവിശേഷമായ ഭൂമി സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ ഊട്ടിയെന്നും മിനി ഊട്ടിയെന്നുമൊക്കെ ആളുകൾ വിളിക്കുന്ന റാണിപുരം എന്ന അനുഗ്രഹീതമായ ഭൂമിയാണത്. വടക്കൻ കേരളത്തിൽ ഉള്ളവർക്ക് മാത്രമല്ല സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്ന് വരുന്നവർക്ക് യാത്ര ഒരിക്കലും നഷ്‌ടമാവില്ലെന്ന് ഉറപ്പുള്ള ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് റാണിപുരവും. ഒരു സാധാരണ ഹിൽ സ്‌റ്റേഷൻ എന്നതിലുമപ്പുറം എന്തൊക്കെയോ ഒരു മാന്ത്രികത ഇവിടെ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് നമുക്ക് തോന്നും.
സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 750 മീറ്ററോളം ഉയർത്തിലാണ് റാണിപുരം എന്ന പ്രദേശം തലയുയർത്തി നിൽക്കുന്നത്. കർണാടകയുടെ വനമേഖലകളുമായി അതിർത്തി പങ്കിടുന്ന ഇടം കൂടിയാണ് റാണിപുരം.ഒരുകാലത്ത് മാടത്തുമല എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. റാണിപുരം ആനകളുടെ വിഹാര കേന്ദ്രം കൂടിയാണ്. ഇവിടെയെത്തുന്ന സഞ്ചാരികളിൽ പലർക്കും സഹ്യന്റെ മക്കളെ നേരിട്ട് കാണാനുള്ള ഭാഗ്യവും ലഭിക്കാറുണ്ട്. ഇടതൂർന്ന വനങ്ങളും, മലനിരകളും, പുൽക്കാടുകളും ഒക്കെയായി പ്രത്യേക ജൈവവൈവിധ്യ ഭംഗി കാത്തുസൂക്ഷിക്കാൻ റാണിപുരത്തിന് കഴിയാറുണ്ട്.കാസർഗോഡ് ജില്ലയിലെ പ്രധാന പട്ടണമായ കാഞ്ഞങ്ങാട് നിന്നും ഏതാണ്ട് 43 കിലോമീറ്റർ ദൂരത്തായി പനത്തടി പഞ്ചായത്തിലാണ് റാണിപുരത്തിന്റെ സ്ഥാനം. അവിടെ എത്തിയാൽ പിന്നെ ജീപ്പ് ഉൾപ്പെടെയുള്ള യാത്ര സൗകര്യങ്ങൾ സഞ്ചാരികൾക്ക് ലഭിക്കും.
ഇവിടുത്തെ ട്രെക്കിംഗ് വളരെ ആകർഷകമായ കാര്യമാണ്. ഊട്ടിയിലേത് പോലെയുള്ള കാലാവസ്ഥയും ഭൂപ്രകൃതിയും റാണിപുരത്തെ കൂടുതൽ ആകർഷകമാക്കുന്നു.
കോട്ടഞ്ചേരി-തലക്കാവേരി മലനിരകളോട് ചേർന്ന് കിടക്കുന്ന റാണിപുരം ജില്ലയിലെ പശ്ചിമഘട്ട സംരക്ഷിത പ്രദേശങ്ങളിൽ ഒന്ന് കൂടിയാണ്. കർണാടകയിലെ ഭാഗമണ്ഡല ഫോറസ്‌റ്റ് റേഞ്ചിനും കുടക് വനത്തിനും ചേർന്ന് കിടക്കുന്ന റാണിപുരത്തെ കാഴ്‌ചകൾ പറഞ്ഞാലും തീരില്ല. മഴ മാറിയാൽ പിന്നെ എപ്പോഴും റാണിപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.കാസർഗോഡ് ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലും വേണമെങ്കിൽ നിങ്ങൾക്ക് കറങ്ങി വരാം. ജില്ലയിലെ ഏറ്റവും പ്രശസ്‌തമായ ടൂറിസം കേന്ദ്രമായ ബേക്കൽ കോട്ടയിലേക്ക് അൻപത് കിലോമീറ്ററിൽ താഴെ മാത്രമേ ദൂരമുള്ളൂ. കൂടാതെ ചന്ദ്രഗിരിക്കോട്ട ഉൾപ്പെടെയുള്ള ഇടങ്ങളിലും സന്ദർശനം നടത്താനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കും.
STORY HIGHLIGHTS : ranipuram-kasaragod