മംഗളൂരു കോടികര്‍ ബാങ്ക് കവര്‍ച്ചാക്കേസിലെ പ്രതികള്‍ പിടിയില്‍. അന്തര്‍സംസ്ഥാന മോഷ്ടാക്കളുടെ സംഘത്തിലെ മുരുഗാണ്ടി തേവര്‍, പ്രകാശ് എന്ന ജോഷ്വ, മണിവര്‍ണ്ണന്‍ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. തിരുനെല്‍വേലി പദ്മനേരി സ്വദേശി മുരുഗാണ്ടി തേവരാണ് കൊള്ള ആസൂത്രണം ചെയ്തതെന്നാണ് വിവരം.
പ്രതികളില്‍ നിന്ന് കവര്‍ച്ചയ്ക്ക് ഉപയോഗിച്ച തോക്കുകള്‍, വാളുകള്‍ എന്നിവയെല്ലാം കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ള രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മംഗളൂരു ഉള്ളാൾ താലൂക്കിലെ കെ.സി.റോഡിലുള്ള കോടികര്‍ കോ.-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജനുവരി 17-നാണ് കവർച്ച നടന്നത്. ബാങ്ക് ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. സ്വർണവും പണവും ഉൾപ്പെടെ 12 കോടിയോളം രൂപ നഷ്ടപ്പെട്ടതായാണ് ബാങ്ക് അധികൃതർ അറിയിച്ചിരുന്നത്.
ബാങ്കിലെ സിസിടിവി ക്യാമറകൾ കേടായതിനാൽ നന്നാക്കാൻ ടെക്നീഷ്യൻ ബാങ്കിലെത്തിയിരുന്നു. ക്യാമറകളുടെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കേയാണ് കവർച്ച നടത്തിയത്. ബാങ്കിനകത്തെ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് മനസിലാക്കിയാവാം സംഘം കവർച്ചയ്ക്കെത്തിയതെന്നാണ് വിലയിരുത്തൽ.
STORY HIGHLIGHT: mangalore bank robbery