യു.എസിന്റെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. 1955-ല്‍ തന്റെ അമ്മ നല്കിയ ബൈബിളും 1861-ല്‍ എബ്രഹാം ലിങ്കണ് സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ.
വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സത്യപ്രതിജ്ഞ ചെയ്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്, സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, മുന്‍ യു.എസ് പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്, ജോര്‍ജ് ബുഷ്, ബരാക്ക് ഒബാമ, ഹിലരി ക്ലിന്റണ്, ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക്, ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്ട്ട്മാന്, ആല്‍ഫാബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈ, റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങി നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
2016-ന് ശേഷം 2024-ലും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതോടെ തുടര്‍ച്ചയായി അല്ലാതെ രണ്ടു തവണ പ്രസിഡന്റാകുന്ന രണ്ടാമനായി ട്രംപ് മാറി.
STORY HIGHLIGHT: donald trump inauguration