Kerala

നിയമസഭയിൽ ‘കൂത്താട്ടുകുളം’ ഉയർത്താൻ പ്രതിപക്ഷം, പ്രതിരോധിക്കാൻ സിപിഎം

പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാമതു സമ്മേളനം ജനുവരി 17ന് ആരംഭിച്ചു. മാർച്ച് 28 വരെ സഭ നടക്കും. വർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ 2025 – 26 സാമ്പത്തിക വർഷത്തെ ബജറ്റ് സഭയിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്തു പാസ്സാക്കുകയും ചെയ്യും. ജനുവരി 17 മുതൽ മാർച്ച് 28 വരെയുള്ള കാലയളവിൽ ആകെ 27 ദിവസം സഭ ചേരും. ഇന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചനടത്തും. അതേസമയം ഇന്ന് കൂത്താട്ടുകുളം വിഷയം സഭയിൽ ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

കൂത്താട്ടുകുളത്ത് സിപിഎം വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിയും സാധാരണ പ്രവര്‍ത്തകരുമടക്കം നാലു പേരെ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസിലെ പ്രധാന പ്രതികളായ സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രതികളായ പ്രധാന നേതാക്കളെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്ന ആരോപണം യുഡിഎഫ് ശക്തമാക്കുന്നുണ്ട്. പ്രതി ചേര്‍ക്കപ്പെട്ട സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗവും ഇന്ന് കൂത്താട്ടുകുളത്ത് നടക്കും.

കൗൺസിലറെ തട്ടിക്കൊണ്ടുപേയ സംഭവം അടിയന്തരപ്രമേയമായി നിയമസഭയിൽ പ്രതിപക്ഷം ഉയർത്തും. പ്രതിപക്ഷം എന്ത് വാദങ്ങൾ ഉയർത്തി പ്രതിരോധിക്കുമെന്നാണ് സഭയിൽ നിന്ന് കാണേണ്ടത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നിയമസഭയിൽ ഇന്ന് തുടങ്ങും. മൂന്ന് ദിവസമാണ് ചർച്ച. യുജിസി പുറപ്പെടുവിച്ച കരട് മാനദണ്ഡങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഇന്ന് സഭയിൽ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കും.