കൂത്താട്ടുകുളത്ത് സിപിഎം വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ കേസില്‍ ഇന്ന് കൂടുതൽ പോലീസ് നടപടിക്ക് സാധ്യത. ബ്രാഞ്ച് സെക്രട്ടറിയും സാധാരണ പ്രവര്‍ത്തകരുമടക്കം നാലു പേരെ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസിലെ പ്രധാന പ്രതികളായ സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹൻ, ടോണി ബേബി, റിൻസ് വർഗീസ്, സജിത്ത് എബ്രഹാം എന്നിവരാണ് ഇന്നലെ പിടിയിലായത്. നടപടിയിൽ സിപിഎം ഏരിയ സെക്രട്ടറി അടക്കമുള്ള നേതാക്കൾ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകാൻ സാധ്യതയുണ്ട്. കൃത്യമായ നടപടി പോലീസ് എടുക്കുന്നില്ലെന്ന ആരോപണം ഉയരുന്നതിനിടെ ഇന്ന് കൂടുതൽ നടപടി ഉണ്ടായേക്കാനാണ് സാധ്യത.
അതേസമയം കൗൺസിലർ കലാ രാജു ഇന്ന് കോടതിയിൽ രഹസ്യമൊഴി നൽകും. കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഉച്ചയ്ക്കാണ് രഹസ്യമൊഴി നൽകുക. ശക്തമായി പ്രതിരോധിക്കാൻ തന്നെയാണ് സിപിഎമ്മിന്റെയും നീക്കം. കോൺഗ്രസ് കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ച് സിപിഐഎം ഇന്ന് കൂത്താട്ടുകുളത്ത് വിശദീകരണയോഗം സംഘടിപ്പിക്കുന്നുണ്ട്.
കൂത്താട്ടുകുളം നഗരസഭയിൽ നടന്ന അവിശ്വാസപ്രമേയത്തിനിടെ കൗൺസിലർ കലാ രാജുവിനെ സിപിഐഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് ആരോപണം. അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുന്ന വേളയിൽ യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസിലാക്കിയതാണ് തട്ടിക്കൊണ്ടുപോകാനുള്ള കാരണമെന്നായിരുന്നു ആരോപണം. സിപിഐഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. അവിശ്വാസ പ്രമേയ ചർച്ചയുടെ സമയം കഴിഞ്ഞപ്പോൾ കലാ രാജുവടക്കം എല്ലാവരും വീട്ടിൽ പോയെന്നും ആരും ആരെയും തട്ടിക്കൊണ്ടുപോയില്ലെന്നുമായിരുന്നു നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിന്റെ പ്രതികരണം. എന്നാൽ തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമാക്കി കലാ രാജു തന്നെ രംഗത്തെത്തിയിരുന്നു.