Kerala

ചേന്ദമംഗലം കൂട്ടക്കൊല: പ്രതിക്ക് ജിതിനോട് വൈരാ​ഗ്യം, ഋതു ജയൻ മൊഴി നൽകി

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ചും വെട്ടിപരുക്കേൽപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതി ഋതു ജയൻ ലക്ഷ്യമിട്ടത് ജിതിനെ തന്നെയെന്ന് പോലീസിന് മൊഴി നൽകി. ജിതിന്റെ പേര് വിളിച്ചാണ് ഋതു ജയൻ വീട്ടിലേക്ക് കയറിചെന്ന് ആക്രമിച്ചത്. സംഭവം നടന്ന ദിവസം വൈകിട്ട് വീട്ടിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ ജിതിനും ഭാര്യയും കളിയാക്കി സംസാരിച്ചു എന്നതാണ് പ്രധാന പ്രശ്നം. അതാണ് പൊട്ടെന്നുള്ള പ്രകോപനമെന്ന് ഋതു ജയൻ മൊഴി നൽകി. അതേസമയം പോലീസിനോടും ചോദ്യം ചെയ്യലിനോടും ഋതു ജയൻ സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഋതുവിനെ മാനസികാരോഗ്യ പരിശോധന നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.

കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയാണ് ഋതു. ഇയാളുടെ ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ജിതിൻ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന പ്രതി കൊലയ്ക്ക് രണ്ട് ദിവസം മുൻപായിരുന്നു നാട്ടിൽ എത്തിയത്. ജിതിനെ ഋതു ആക്രമിക്കാൻ ചെന്നപ്പോൾ ആദ്യം ജിതിൻ്റെ ഭാര്യ വിനീഷയാണ് പുറ‍ത്തിറങ്ങിവന്നത്. വിനീഷയെ അടിച്ച് വീഴത്തിയ ശേഷം പിന്നാലെ വന്ന ജിതിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി. നാല് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വേണുവും ഉഷയും വിനീഷയും മരണപ്പെട്ടിരുന്നു.

ആക്രമണം നടത്തുന്ന സമയത്ത് ഇയാൾ മദ്യമോ ലഹരിയോ ഉപയോഗിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. മാനസികപരമായി പ്രശന്ങ്ങൾ നേരിടുന്ന വ്യക്തിയല്ല ഇയാളെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. റിതു സ്ഥിരം ശല്യക്കാരനാണെന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. രാത്രി സമീപത്തെ വീടുകളുടെ ടെറസില്‍ കയറി കിടക്കുമെന്നും സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യുമെന്നുമാണ് റിതുവിനെതിരെ ഉയർന്ന ആരോപണം. റിതു പരിസവാസികളായ സ്ത്രീകളെ സ്ഥിരം ശല്യം ചെയ്യുന്ന ആളാണെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.