കാമുകനെ വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതിയായി ശിക്ഷിക്കപ്പെട്ട ഗ്രീഷ്മയ്ക്ക് ജയിലിൽ ലഭിച്ചതും ഒന്നാം നമ്പർ തന്നെ. 2025ലെ ആദ്യത്തെ വനിതാ ജയിൽ പുള്ളിയായതിനാലാണ് 1/2025 എന്ന നമ്പർ നൽകിയിരിക്കുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 14-ാം ബ്ലോക്കിൽ മറ്റ് രണ്ട് റിമാൻഡ് പ്രതികൾക്കൊപ്പമാണ് ഗ്രീഷ്മയെ താമസിപ്പിച്ചിരിക്കുന്നത്. വൈകുന്നേരത്തോടെ ജയിലിലെ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി. വിചാരണക്കാലത്തും ഗ്രീഷ്മ ഇതേ ജയിലിൽ തന്നെയായിരുന്നു. എന്നാൽ സഹതടവുകാരികളുടെ പരാതിയെ തുടർന്ന് മാവേലിക്കര വനിതാ സ്‌പെഷ്യൽ ജയിലിലേക്കു മാറ്റിയിരുന്നു.
പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയറാണ് കോടതി ശിക്ഷയായി വിധിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന് 3 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിടുകയായിരുന്നു.
കാമുകനായ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു.
11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാൻ ആകാതെ ആശുപത്രിയിൽ കിടന്ന ഷാരോണിനോട് വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയതെന്ന് കോടതി വിധി പ്രസ്താവത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോൺ മർദ്ദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നിൽക്കാൻ ശ്രമിച്ച കൗശലം വിജയിച്ചില്ല. ഒക്ടോബർ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോൾ കൊലപ്പെടുത്താൻ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നു. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നൽകിയത് എന്നത് അടക്കം കോടതി നിരീക്ഷിച്ചു. അതേസമയം കോടതിയിലെത്തിച്ചപ്പോൾ മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള വിധിയാണ് വായിച്ചത്.