വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചത്. ഇവരെ ദുരന്തത്തിൽ മരണപ്പെട്ടവരായി കണക്കാക്കി സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം ആകെ 454 മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ആണ് ഇതുവരെ കണ്ടെടുത്തത്.
കണ്ടെത്തിയ ശരീര അവശിഷ്ടങ്ങളിൽ നിന്ന് ആദ്യ ദിവസം തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്ത 3 മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹങ്ങളിലും ശരീര ഭാഗങ്ങളിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിരുന്നു. കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് ആദ്യ ഘട്ടത്തിൽ ഡിഎൻഎ സാമ്പിളുകളുടെ പരിശോധന നടത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ 223 സാമ്പിളുകൾ തിരിച്ചറിഞ്ഞിരുന്നു. കണ്ണൂർ ഫോറെൻസിക് സയൻസ് ലാബിൽ തിരിച്ചറിയാൻ കഴിയാതിരുന്ന 209 സാമ്പിളുകൾ സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോ ടെക്നോളജിയിലേക്കു പരിശോധനക്കയച്ചു അവിടെ നടത്തിയ പരിശോധനയിൽ ദുരന്തത്തിൽ കാണാതായ 22 പേരെ കൂടി തിരിച്ചറിഞ്ഞു. 99 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ദുരന്തത്തിൽ മരിച്ച 167 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. ആകെ 266 പേരെ തിരിച്ചറിഞ്ഞു. ദുരന്തത്തിൽ ഉൾപ്പെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ഇപ്പോൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചത്.
അതേസമയം മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ജൂലൈ 30നായിരുന്നു മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അന്ന് മുതല്‍ തന്നെ ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു കേരളം ആദ്യം ആവശ്യപ്പെട്ടത്. ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഫണ്ടിന് പുറമേ കൂടുതല്‍ ഫണ്ട് ലഭിക്കണമെങ്കില്‍ തീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടതുണ്ട്. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇപ്പോള്‍ ഇല്ല എന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്നായി പിന്നീട് കേരളത്തിന്റെ ആവശ്യം. ആ ആവശ്യം അംഗീകരിച്ച് അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.