Kerala

ഗുളികയിലെ മൊട്ടുസൂചി വ്യാജ പരാതി ? ആരോഗ്യവകുപ്പ് ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം വിതുര ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ​ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവം വ്യാജമെന്ന് പ്രാഥമിക നി​ഗമനം. രോ​ഗികൾക്ക് ശ്വാസംമുട്ടലിന് നൽകിയ ​ഗുളികയിലാണ് മൊട്ടുസൂചി കണ്ടെത്തിയത്. തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് മേമല ഉരുളകുന്ന് സ്വദേശി വസന്തയ്ക്ക് ലഭിച്ച ​ഗുളികയിലാണ് മൊട്ടുസൂചി കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ​ഗൂഢാലോചന ഉണ്ടെന്നാണ് ആരോ​ഗ്യവകുപ്പ് പറയുന്നത്. കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക് പരാതി നൽകി. വ്യാജ പരാതിയിലൂടെ ആരോഗ്യ സംവിധാനത്തെ തകർക്കാർ ബോധപൂർവം ശ്രമമുണ്ടായെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.

സമൂഹമാധ്യമങ്ങളിൽ വീഡിയോ അടക്കം പ്രചരിച്ചതോടെ വകുപ്പ് നടത്തിയ തെളിവെടുപ്പിലും പരിശോധനയിലും പരാതിയിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയത്. പരാതിക്കാരിയുടെ കൈവശമുണ്ടായിരുന്ന ബാക്കിയുള്ള ഗുളികകളിലോ, മറ്റ് സ്റ്റോക്കിലോ പ്രശ്നമൊന്നും കണ്ടെത്തിയിരുന്നില്ല. ആദ്യം കഴിച്ച ഗുളികളിലും മൊട്ടു സൂചിയുണ്ടായിരുന്നോ എന്ന സംശയം പരാതിക്കാരി ഉന്നയിച്ചെങ്കിലും എക്സേറെ പരിശോധനയിലും അപാകത ഒന്നും കണ്ടെത്തിയിരുന്നില്ല. ഇതോടെയാണ് സംഭവത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന സംശയമുയർന്നത്.

മരുന്ന് കമ്പനിയിൽ നിന്ന് കെഎംഎസ്‍സിഎൽ വഴി ശേഖരിച്ച ഗുളികയാണ് ആശുപത്രി ഫാർമസിയിലൂടെ വിതരണം ചെയ്തത്. സർക്കാർ മരുന്ന് വിതരണ സംവിധാനത്തെ മോശമാക്കി ചിത്രീകരിക്കാൻ ബോധപൂർവം ശ്രമുണ്ടായിട്ടുണ്ടോ എന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. കച്ചവടം കുറഞ്ഞതോടെ സ്വകാര്യ മരുന്ന് കമ്പനികളുടെ ലോബി, പൊതുസംവിധാനത്തെ തകർക്കാൻ ശ്രമിക്കുകയാണോ എന്ന സംശയമാണ് ആരോഗ്യവകുപ്പിനുള്ളത്. ശക്തമായ അന്വേഷണം ആവശ്യപ്പട്ടാണ് ഡിഎച്ച്എസ് രേഖാമൂലം ഡിജിപിയെ പരാതി അറിയിച്ചത്. നേരത്തെ മെയിൽ വഴിയും വിവരം കൈമാറിയിരുന്നു. ഇതിനകം തന്നെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമീപത്തെ സ്വകാര്യ മരുന്നു വിതരണ സ്ഥാപനങ്ങളും സംശയനിഴലിലെന്നാണ് ആരോഗ്യ വകുപ്പ് നിലപാട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് അന്വേഷ പരിധിയിൽ വരും.