Kerala

നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് ലുക്ക്‌ഔട്ട്‌ നോട്ടീസ്

നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. കോഴിക്കോട് കസബ പോലീസാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്. പോക്സോ കേസിൽ ജയചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കസബ പൊലീസ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു അമ്മ നൽകിയ പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും നടനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലാണെന്നാണ് പോലീസ് പറഞ്ഞിരുന്നത്.അന്വേഷണം തുടരുന്നതിനിടെ നടന്‍ കോഴിക്കോട് പോക്‌സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഇത് തള്ളിപോയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ പ്രതിയായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പോലീസ് മേധാവിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്ന് കുട്ടിയെ സ്‌കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.