Kerala

ബ്രൂവറി വിവാദം : തീരുമാനം മുന്നണിയിൽ ചർച്ച ചെയ്യാതെ , സിപിഐക്കുള്ളിൽ അതൃപ്തി

പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയത് ഇടത് മുന്നണിയിൽ ചർച്ച ചെയ്യാതെയാണെന്ന ആരോപണം ശക്തമാകുന്നു. വിഷയം മുന്നണിയിൽ ചർച്ച ചെയ്യാത്തതിൽ സിപിഐക്കുള്ളിൽ അതൃപ്തിയുണ്ട്. മന്ത്രിസഭ അനുമതി നൽകിയെങ്കിലും മുന്നണിക്കുള്ളിലും ഇത്തരം വലിയ പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യണമായിരുന്നു എന്നാണ് സിപിഐക്കുള്ളിൽ ഉയർന്ന് വരുന്ന വികാരം. ഈ വിഷയം 27 ന് ആലപ്പുഴയിൽ ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യും.

അതേസമയം ബ്രൂവറിക്ക് നുമതി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം സിപിഐ അറിഞ്ഞിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ന്ത്രിസഭാ യോഗത്തിന് തലേദിവസം സിപിഐ സംസ്ഥാന സെക്രട്ടറിയുമായി പാര്‍ട്ടി മന്ത്രിമാര്‍ ആശയവിനിമയം നടത്തിയിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കര്‍ഷകര്‍ക്ക് പ്രയോജനമുള്ള പദ്ധതിയെന്ന് തെറ്റിദ്ധരിച്ച് പദ്ധതിയെ പിന്തുണച്ച സിപിഐ ഇനി തീരുമാനത്തെ തള്ളിപ്പറയാൻ പറ്റാത്ത അവസ്ഥയിലാണ്. 1999 ന് ശേഷം സ്വകാര്യ മദ്യകമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും ഡല്‍ഹി മദ്യ അഴിമതിയില്‍പെട്ട കമ്പനിയാണെന്നതും സിപിഐ നേതൃത്വം മനസിലാക്കിയിരുന്നില്ല. പുതിയതായി സ്വകാര്യ ബ്രൂവറി അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ സിപിഐ നേതൃത്വം മന്ത്രിസഭയില്‍ മാത്രമല്ല പുറത്തും പ്രതികരിച്ചിട്ടില്ല. മന്ത്രിസഭായോഗത്തിന് മുന്‍പ് സിപിഐ സംസ്ഥാന നേതൃത്വവുമായി പാര്‍ട്ടി മന്ത്രിമാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും സിപിഐ അംഗീകരിക്കുകയുമായിരുന്നു എന്നാണ് വിവരം. കര്‍ഷകര്‍ക്ക് മെച്ചമുണ്ടാകുമെന്നതാണ് ബ്രൂവറി അനുവദിക്കുന്നതിന് സിപിഐ സമ്മതം മൂളാൻ കാരണം. നയപരമായ പ്രശ്നങ്ങള്‍ നേരത്തെയുണ്ടായിരുന്നുവെന്നും സിപിഐ നേതൃത്വത്തിന്‍റെ അറിവിലില്ലായിരുന്നു. ഡല്‍ഹി മദ്യ അഴിമതിയില്‍ പങ്കാളികളായവരാണ് അനുമതി കിട്ടിയ കമ്പനിയുടെ ഉടമകള്‍ എന്നും സിപിഐ നേതൃത്വം മനസിലാക്കിയിരുന്നില്ല. മന്ത്രിസഭാ അംഗീകരിച്ച തീരുമാനത്തില്‍ സിപഐയുടെ കൂടി അനുമതിയുള്ളതിനാല്‍ ഇനി തീരുമാനത്തെ തള്ളിപ്പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് സിപിഐ. ഇതിൽ സിപിഐക്ക് കടുത്ത അതൃപ്തിയുമുണ്ട്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അവതരിപ്പിച്ച പ്രകടന പത്രികയില്‍ മദ്യനയം സംബന്ധിച്ച് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിരന്തരമായി ലംഘിച്ചുകൊണ്ടിരിക്കുകണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം ശക്തമായി വിഷയത്തിൽ പ്രതിഷേധിക്കുന്നുണ്ട്.