Kerala

സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് തുടക്കം ; ബ്രൂവറി വിവാദം ചർച്ചയാകും

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് ചിറ്റൂരിൽ തുടക്കമാകും. 23 വരെയാണ് സമ്മേളനം. ചിറ്റൂരിൽ ആദ്യമായാണ് ജില്ലാ സമ്മേളനം നടക്കുന്നത്. തത്തമംഗലം രാജീവ്‌ഗാന്ധി കൺവൻഷൻ സെന്ററിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സമ്മേളന സമാപനമായി 23നു വൈകിട്ട്‌ 5ന് മേട്ടുപ്പാളയത്തു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.

ബ്രൂവറി വിഷയത്തിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് സമ്മേളനം നടക്കുന്നത്. ഉപതിരഞ്ഞെടുപ്പിലെ വിവാദങ്ങൾ മുതൽ കൊഴിഞ്ഞാമ്പാറ വിഭാഗീയത വരെ സമ്മേളനത്തിൽ ചർച്ചയാകും. ഇതിൽ പ്രധാനമായും ചർച്ചയാകുന്ന വിഷയം ബ്രൂവറി തന്നെയാകും. ചിറ്റൂർ താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശത്താണ് സർക്കാർ ബ്രൂവറിക്ക് സ്ഥലം അനുവദിച്ചത്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ പോലും സർക്കാർ ഉത്തരവിന് പിന്നാലെയാണ് വിവരം അറിയുന്നത്. ഇതിൽ നേതാക്കൾക്ക് അതൃപ്‌തിയുള്ളതായാണ് വിവരം. സിപിഎം ജില്ലാ സമ്മേളനത്തിന് ചിറ്റൂരിൽ തുടക്കമാകുമ്പോൾ, അംഗങ്ങൾക്കിടയിൽ ബ്രൂവറിക്ക് അനുമതി നൽകിയത് പ്രധാന ചർച്ച വിഷയമാകും. അതേസമയം, കൊഴിഞ്ഞാമ്പാറയിലെ വിഭാഗീയത ഇനിയും പരിഹരിക്കാൻ സാധിക്കാത്തതും പാർട്ടിക്ക് തലവേദനയാണ്. ഇവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ചിറ്റൂർ ഏരിയ സമ്മേളനത്തിൽ ഉയർന്നതാണ്. എന്നാൽ മേഖലയിലെ ഡിവൈഎഫ്ഐലെ അംഗങ്ങളും വിമത സ്വരവുമായി എത്തുന്നതാണ് പിന്നീട് കണ്ടത്.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി, കെ കെ ശൈലജ, എളമരം കരീം, കെ.രാധാകൃഷ്‌ണൻ എംപി, സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗങ്ങളായ ടി.പി രാമകൃഷ്ണൻ, കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, പുത്തലത്ത്‌ ദിനേശൻ, പി കെ ബിജു, എം സ്വരാജ്‌ തുടങ്ങിയ നേതാക്കളും പങ്കെടുക്കും. 21, 22 തീയതികളിൽ പൊതുസമ്മേളന നഗരിയിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. ജില്ലാസമ്മേളനത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങളിലെ പേ‍ാരായ്മകളും പ്രവർത്തനം പുരേ‍ാഗതിയും മുന്നേറ്റവും വിശദമായി ചർച്ചചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു അറിയിച്ചു.