വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യ കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ചോദ്യംചെയ്യും. എൻ.എം.വിജയൻ മുൻപ് എഴുതിയ കത്ത് തനിക്ക് ലഭിച്ചിരുന്നതായി കെ.സുധാകരൻ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യുക. ചോദ്യം ചെയ്യുന്നത് എന്നാകും എന്ന കാര്യത്തിൽ തീരുമാനം വൈകാതെ ഉണ്ടാകും.
ബത്തേരി അർബൻ ബാങ്കിലെ നിയമനപ്രശ്നവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത എൻ.എം.വിജയൻ എഴുതിയ കത്ത് ലഭിച്ചിരുന്നതായി കെ. സുധാകരൻ പറഞ്ഞിരുന്നുവെങ്കിലും കത്ത് താൻ വായിച്ചിട്ടില്ലെന്നും അതിനോടൊപ്പം സുധാകരൻ പറഞ്ഞിരുന്നു. മ്പത്തിക ബാധ്യതകൾ വിശദീകരിച്ചായിരുന്നു എൻ.എം.വിജയൻ കത്ത് അയച്ചിരുന്നത്.
അതേസമയം പ്രതികളായ കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചനെയും കെ.കെ.ഗോപിനാഥനെയും ഇന്നലേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഗോപിനാഥന്റെ ബത്തേരിയിലെ വീട് ഇതിനിടെ പോലീസ് റെയ്ഡ് ചെയ്യുകയും നിയമന ഇടപാട് രേഖകാള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം, കേസിലെ ഒന്നാംപ്രതി ഐസി ബാലകൃഷ്ണൻ എംഎൽഎ വരുന്ന 25-ാം തീയതിക്ക് മുമ്പായി ഏതെങ്കിലും ഒരു ദിവസം ഹാജരായാൽ മതിയെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. അതിനാൽ വരുന്ന മൂന്നു ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരാകും. എൻഎം വിജയൻ്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനായി വിജിലൻസിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും പ്രതികളോട് കോടതി നിർദ്ദേശിച്ചിരുന്നു. ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 27ന് ഇരുവരും മരിക്കുകയായിരുന്നു.