Kerala

ആരുടേയും അതൃപ്തി കാര്യമാക്കുന്നില്ല, സർക്കാർ നിലപാടാണ് പറഞ്ഞത്; ബ്രുവറി വിഷയത്തിൽ സിപിഐയെ തള്ളി എം വി ഗോവിന്ദൻ

ബ്രൂവറി വിഷയത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിവാദങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കാണെന്നും, സ്പിരിറ്റ് ലോബികളുടെ പിന്തുണയോടെയാണ് വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. വിഷയത്തിലെ സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്തിയെയും എംവി ഗോവിന്ദൻ തള്ളി. ആരുടേയും അതൃപ്തി കാര്യമാക്കുന്നില്ല. സർക്കാർ നിലപാടാണ് താൻ പറഞ്ഞത് എന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം.

എലപ്പുള്ളിയിലെ മദ്യനിർമ്മാണ ശാലയ്ക്ക് വെള്ളം മഴവെള്ള സംഭരണിയിൽ നിന്നായിരിക്കും. അഞ്ച് ഏക്കറിൽ മഴവെള്ള സംഭരണി നിർമ്മിക്കുന്നുണ്ട്. അതിൽ നിന്നും ആവശ്യത്തിന് വെള്ളം ലഭിക്കും. അതിനാൽ കുടിവെള്ള പ്രശ്നം ഉണ്ടാകില്ല. സ്പിരിറ്റ് ഉത്പാദിപ്പിക്കാനാണ് സംസ്ഥാനത്ത് ഉദ്യേശിക്കുന്നത്. പ്രതിഷേധങ്ങളും വിമർശനങ്ങളും ദുഷ്ടലാക്കോട് കൂടിയാണ് എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം, പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് മദ്യനിർമ്മാണ ശാല അനുവദിച്ച മന്ത്രിസഭാ തീരുമാനത്തിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തീരുമാനത്തിൽ ദുരൂഹത ഉണ്ടെന്നും എങ്ങനെ ഒരു കമ്പനിയെ മാത്രം തിരഞ്ഞെടുത്തു എന്ന് വിശദീകരിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ മാനദണ്ഡങ്ങൾ പാലിച്ചാണ് കഞ്ചിക്കോട് ബ്രൂവറിക്ക് അനുമതി നൽകിയതെന്നായിരുന്നു മന്ത്രി എം.ബി രാജേഷിൻറെ പ്രതികരണം.