ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ അറസ്റ്റിലായ ബംഗ്ലാദേശി സ്വദേശി ഷരീഫുൾ ഇസ്ലാമിനെ തെളിവെടുപ്പിനായി നടന്റെ വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി വൈകിയാണ് മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള സെയ്‌ഫ് അലി ഖാന്റെ പതിനൊന്നാം നിലയിലുള്ള ഫ്ലാറ്റിൽ കൊണ്ടുപോയത്. കെട്ടിടത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നായി കുറഞ്ഞത് 19 വിരലടയാളങ്ങൾ ശേഖരിച്ചതായാണ് റിപ്പോർട്ട്.
ജനുവരി 16നാണ് പ്രശസ്ത ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് നേരെ ആക്രമണമുണ്ടായത്. സത്ഗുരു ശരൺ ബിൽഡിംഗിലെ അപ്പാർട്ട്‌മെൻ്റിനുള്ളിൽ നുഴഞ്ഞു കയറിയാണ് ഇയാൾ നടനെ പല തവണ കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായ രണ്ടു മുറിവുകളിൽ ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തു. വിജയ് ദാസ് എന്ന് പേരുമാറ്റി അനധികൃതമായി ഇന്ത്യയിൽ തങ്ങുകയായിരുന്ന ബംഗ്ലാദേശിലെ ഝലോകതി ജില്ല സ്വദേശിയാണ് പ്രതി.
ഫക്കീർ അഞ്ച് മാസത്തിലേറെയായി മുംബൈയിൽ സ്ഥിരതാമസമാക്കിയിരുന്നു. ഒരു ഹൗസ് കീപ്പിംഗ് ഏജൻസിയുടെ കീഴിലായിരുന്നു ജോലി ചെയ്തിരുന്നത്. ഞായറാഴ്ച ബാന്ദ്രയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ഇയാളെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.