Kerala

കൂത്താട്ടുകുളം സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി, സഭയിൽ നാടകീയ രംഗങ്ങൾ, പ്രതിപക്ഷം ഇറങ്ങിപ്പോയി

കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തുനിന്ന് അനൂപ് ജേക്കബ് എംഎൽഎയാണ്​ നോട്ടീസ് നൽകിയത്. കേരളത്തിൽ എവിടെയാണ് സ്ത്രീകൾക്ക്​ സുരക്ഷിതത്വമുള്ളതെന്ന്​ അനൂപ്​ ജേക്കബ്​ ചോദിച്ചു. സ്​ത്രീ സുരക്ഷ ഉറപ്പു നൽകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് രണ്ടാഴ്ചയ്ക്കുശേഷമാണ് കൂത്താട്ടുകുളത്തെ സംഭവം. ഒരു സിപിഎം കൗൺസിലറെ തട്ടിക്കൊണ്ടുപോയി അപമാനിച്ചു. കേരളത്തിൽ പട്ടാപ്പകൽ സ്ത്രീകളെ പാർട്ടിക്കാർ തന്നെ തട്ടിക്കൊണ്ടുപോകുന്നു.

കൂത്താട്ടുകുളത്തെ അവിശ്വാസ പ്രമേയ പ്രക്രിയയ്ക്ക് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചതാണ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാർ സുരക്ഷ നൽകാനെന്ന വ്യാജേന അവിടെ വന്നുനിന്നു. അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാനുള്ള ശക്​തി സിപിഎമ്മിനി​ല്ലേ?

കൗൺസിലറെ തട്ടിക്കൊണ്ടുപോകുന്ന വാഹനത്തിൽ സുഖമായി കടന്നുപോകാനുള്ള സൗകര്യം പൊലീസ് ഒരുക്കി. യുഡിഎഫ് പ്രവർത്തകരെയും കൗൺസിലർമാരെയും ആക്രമിക്കുന്നത് പൊലീസ് നോക്കിനിന്നു. പൊലീസിൻ്റെ നിഷ്ക്രിയത്വമാണ് അവിടെ കണ്ടതെന്നും അനൂപ്​ ജേക്കബ്​ പറഞ്ഞു.

സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു നടപടി സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കലാ രാജുവിനെ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിച്ച്​ ചികിത്സ നൽകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്. സ്ത്രീ സുരക്ഷയ്ക്ക് കേരളം മാതൃകയാണ്​. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തുടർന്ന്​ സംസാരിച്ച പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ്റെ ​പ്രസംഗം ഭരണപക്ഷ അംഗങ്ങൾ തടസ്സപ്പെടുത്തിയതോടെ സഭ പ്രക്ഷുബ്​ദമായി.

മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിൽ എത്ര പഞ്ചായത്തിൽ കാലുമാറ്റം ഉണ്ടായി. അവരെ ഒക്കെ തട്ടി കൊണ്ട് പോവുകയാണോയെന്നും അദ്ദേഹം ചോദിച്ചു. പാർട്ടി ഏരിയാ സെക്രട്ടറിയാണ് ഒന്നാം പ്രതി. കാലു മാറ്റം എന്ന നിലയിലേക്ക് സംഭവത്തെ മുഖ്യമന്ത്രി ലഘുകരിക്കുന്നു. അഭിനവ ദുശ്ശാസനന്മാരായി ഭരണപക്ഷം മാറും. ഏഴ് വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ചെയ്തത്. അതിനെ വെറും കാലുമാറ്റമായി മുഖ്യമന്ത്രി ലഘൂകരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. തുടർന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.