സംസ്ഥാന സര്‍ക്കാരുകളുടെയും അക്കാദമിക് വിദഗ്ദ്ധരുടെയും അഭിപ്രായങ്ങളും ആശങ്കകളും പരിഗണിച്ച് 2025 ലെ കരട് യു.ജി.സി മാനദണ്ഡങ്ങള്‍ ഉടന്‍ പിന്‍വലിച്ച് ബന്ധപ്പെട്ടവരുമായെല്ലാം വിശദമായ ചര്‍ച്ചകള്‍ നടത്തി അവരുടെ അഭിപ്രായങ്ങള്‍ ഗൗരവമായി കണക്കിലെടുത്തു കൊണ്ട് മാത്രം പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കണമെന്ന പ്രമേയം നിയമസഭ അംഗീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 പ്രകാരം ഔദ്യോഗിക പ്രമേയമായാണ് അവതരിപ്പിച്ചത്. പ്രതിപക്ഷവും ഇതിനെ അംഗീകരിക്കുകയായിരുന്നു.
ജനുവരി 6, 2025-ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ പുറത്തിറക്കിയ കരട് മാര്‍ഗരേഖയില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുടെയും അക്കാദമിക് വിദഗ്ദ്ധരുടെയും ആശങ്കകള്‍ വലിയ തോതില്‍ ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രമേയം സഭയില്‍ അവതരിപ്പിക്കുന്നത്.
1977 ജനുവരി 3-ന് പ്രാബല്യത്തില്‍ വന്ന 42-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഉന്നതവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റില്‍ നിന്നും സമാവര്‍ത്തി ലിസ്റ്റിലെ ഇനം 25 ആയി മാറ്റപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് അതത് സംസ്ഥാന നിയമസഭകള്‍ പാസ്സാക്കിയ നിയമങ്ങള്‍ക്കനുസൃതമായിട്ടാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സംസ്ഥാന ലിസ്റ്റിലെ ഇനം 32 പ്രകാരം സര്‍വ്വകലാശാലകളുടെ സ്ഥാപനം, മേല്‍നോട്ടം എന്നിവ സംബന്ധിച്ചുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണ്.
യൂണിയന്‍ ലിസ്റ്റിലെ ഇനം 66 പ്രകാരം ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനത്തിനും നിലവാരം നിശ്ചയിക്കുന്നതിലും മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് അധികാരമുള്ളത്. ഇതിന്റെ പിന്‍ബലത്തിലാണ് യു.ജി.സി നിയമത്തിന്‍ കീഴില്‍ യു.ജി.സി റെഗുലേഷനുകള്‍ പുറപ്പെടുവിക്കുന്നത്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ആഗസ്റ്റ് 31, 1949 ന് നടന്ന സംവാദത്തിന് മറുപടി പറഞ്ഞുകൊണ്ട് ഡോ. ബി.ആര്‍. അംബേദ്കര്‍ നടത്തിയ പ്രസംഗത്തില്‍ യൂണിയന്‍ ലിസ്റ്റിലെ ഇനം 66 ന്റെ പരിധിയും പരിമിതിയും വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകള്‍ നടത്തുന്ന ബിരുദ പരീക്ഷകള്‍ക്കുള്ള പാസ് മാര്‍ക്കോ മാനദണ്ഡങ്ങളോ പല തരത്തിലായാല്‍ അത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ഇതുപോലുള്ള ഏകീകൃതമല്ലാത്ത വ്യവസ്ഥകള്‍ ഒഴിവാക്കാനും സംസ്ഥാനങ്ങളില്‍ ഗൗരവമായ മാനദണ്ഡങ്ങളും ഏകീകൃത രീതികള്‍ ഉറപ്പുവരുത്താനും മാത്രമാണ് യൂണിയന്‍ ലിസ്റ്റില്‍ ഇങ്ങനെയൊന്ന് ഉള്‍പ്പെടുത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ഭരണഘടനയുടെ അന്തഃസത്ത ഉള്‍ക്കൊള്ളാതെയുള്ളതും വൈസ് ചാന്‍സലര്‍ നിയമനത്തിലടക്കം സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നതുമായ 2025 ലെ കരട് യു.ജി.സി മാനദണ്ഡങ്ങള്‍ ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഒന്നാണെന്നാണ് ഈ സഭയുടെ വ്യക്തമായ അഭിപ്രായം. സര്‍വ്വകലാശാലകളുടെയും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പിനായി ഏതാണ്ട് 80 ശതമാനത്തോളം തുക ചെലവിടുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. സര്‍വ്വകലാശാലകളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുഖ്യമായ പങ്കുണ്ട്.
ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് യാതൊരു ചര്‍ച്ചകളും കൂടാതെ, വൈസ് ചാലന്‍സലര്‍ നിയമനം പോലുള്ള സുപ്രധാന നിയമനങ്ങളിലും അധ്യാപകരുടെ യോഗ്യത, സേവനവ്യവസ്ഥ എന്നിവയെക്കുറിച്ചും ഉള്‍ക്കൊള്ളിച്ചിട്ടുള്ള വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാരുകളെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെയും യു.ജി.സിയുടെയും സമീപനം ജനാധിപത്യവിരുദ്ധവും തിരുത്തപ്പെടേണ്ടതുമാണെന്ന് ഈ സഭയ്ക്ക് അഭിപ്രായമുണ്ട്. സര്‍വ്വകലാശാലകളില്‍ അക്കാദമിക് വിദഗ്ദ്ധ?ാരെ വേണമെങ്കില്‍ മാറ്റിനിര്‍ത്തി സ്വകാര്യ മേഖലയില്‍ നിന്നുപോലും വ്യക്തികളെ വൈസ് ചാന്‍സലര്‍മാരാക്കാമെന്ന സമീപനം
ഉന്നതവിദ്യാഭ്യാസരംഗത്തെ കച്ചവടവല്‍ക്കരിക്കാനുള്ള നീക്കമാണ്. ഇത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.
ഉന്നതവിദ്യാഭ്യാസരംഗത്തെ ജനാധിപത്യമൂല്യങ്ങള്‍ തകര്‍ക്കാനും പ്രസ്തുത മേഖലയില്‍ മത-വര്‍ഗീയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വരുടെ പിടിയിലൊതുക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായി മാത്രമേ 2025 ലെ കരട് യു.ജി.സി മാനദണ്ഡങ്ങളെ കാണുവാന്‍ കഴിയൂ.
സംസ്ഥാന സര്‍ക്കാരുകളുടെയും അക്കാദമിക് വിദഗ്ദ്ധരുടെയും അഭിപ്രായങ്ങളും ആശങ്കകളും പരിഗണിച്ച് 2025 ലെ കരട് യു.ജി.സി മാനദണ്ഡങ്ങള്‍ ഉടന്‍ പിന്‍വലിച്ച് ബന്ധപ്പെട്ടവരുമായെല്ലാം വിശദമായ ചര്‍ച്ചകള്‍ നടത്തി അവരുടെ അഭിപ്രായങ്ങള്‍ ഗൗരവമായി കണക്കിലെടുത്തുകൊണ്ട് മാത്രം പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ഈ സഭ കേന്ദ്ര സര്‍ക്കാരിനോട് ഐകകണ്‌ഠ്യേന ആവശ്യപ്പെടുന്നു.
CONTENT HIGH LIGHTS; Legislature passes resolution to withdraw draft UGC norms immediately: Demand for new norms to be issued after discussions on Chief Minister’s resolution