വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയിൽ ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. നാളെ എൻഎം വിജയൻ്റെ വീട് സന്ദർശിക്കുമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കെ സുധാകരൻ പറഞ്ഞു. വയനാട് ഡിസിസിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. തന്നെ കേസിലേക്ക് വലിച്ചിഴക്കുന്നത് ഗൂഢാലോചനയെന്ന് സുധാകരൻ ആരോപിച്ചു. മൊഴിയെടുക്കൽ രാഷ്ട്രീയ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘം എന്നെ വന്ന് കണ്ട് സംസാരിച്ച് ബോധ്യപ്പെടുത്തട്ടെയെന്ന് കെ സുധാകരൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രി ആകാനും താനില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഇല്ല. തന്റെ സ്ഥാനം ജനങ്ങളുടെ മനസ്സിലാണെന്ന് കെ സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് മാറുമ്പോൾ പ്രതിപക്ഷ നേതാവും മാറണമെന്നില്ല. പാർട്ടിയിൽ നേതൃമാറ്റ ചർച്ചയില്ല. യുക്തി സഹമായ തീരുമാനം എഐസിസിക്ക് എടുക്കാം. ദീപ ദാസ് മുൻഷി ഒറ്റയ്ക്ക് നേതാക്കളെ കാണുന്നത് അവർക്ക് വിശ്വാസമില്ലാത്തതിനാലാണെന്ന് കെ സുധാകരൻ പറഞ്ഞു.