മരണപ്പെട്ട ഒരു പദ്ധതി ജീവന്‍ വയ്പ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അറിയാമെങ്കില്‍ ജീവന്‍ വയ്പ്പിച്ച പദ്ധതി ലക്ഷ്യത്തിലെത്തിക്കാനും സര്‍ക്കാരിന് അറിയാം. പ്രാദേശികമായ ചില വിഷയങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. ന്യായമായ ആവശ്യങ്ങളില്‍ പോസിറ്റീവായി സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുകയാണ്. എന്നാല്‍ ഈ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് അത് പൂര്‍ത്തീകരിക്കണ്ട എന്നുള്ള രാഷ്ട്രീയ ദുഷ്ടലാക്കോടെ ചില ഇടപെടല്‍ നടത്തുന്നവരുണ്ടെന്നും മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു.
ടി.ജെ. വിനോദിന്റെ സബ്മിഷന് മരുപടി നല്‍കുകയായിരുന്നു മന്ത്രി. ദേശീയപാത 66ല്‍ ഇടപ്പള്ളി കുന്നുപുറം മുതല്‍ വരാപ്പുഴ പാലം വരെയുള്ള ഭാഗത്ത് കണ്ടെയ്‌നര്‍ ജംഗ്ഷന്‍, കുന്നുംപുറം ജംഗ്ഷന്‍ എന്നീ ഭാഗങ്ങളില്‍ യഥാക്രമം ഫ്‌ളൈഓവര്‍, വെഹിക്കുലാര്‍ അണ്ടര്‍പാസ് എന്നിവ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അപ്രോച്ച് റോഡ് സഹിതം കണക്കാക്കിയാല്‍ കി.മീ 418+300 മുതല്‍ 417+807 വരെയും കി.മീ 419+500 മുതല്‍ 420+126 വരെയും എലവേറ്റഡ് ഹൈവേ എന്ന രൂപത്തിലാണ് നിര്‍മ്മിക്കുന്നത് എന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. തൈക്കാവ് ജംഗ്ഷനില്‍ നിന്നും കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് 1293 മീറ്റര്‍ അകലെ ഫ്‌ളൈഓവറും ഇടപ്പള്ളി ഭാഗത്തേക്ക് 1026 മീറ്റര്‍ അകലെ ദൂരത്തില്‍ വെഹിക്കുലാര്‍ അണ്ടര്‍ പാസും നല്‍കിയിട്ടുണ്ട്.
ഭാരത് റാണി റോഡ് ദേശീയപാതയുമായി ചേരുന്നത് കി.മീ 416+925 ലാണ്. ഇതിന് സമീപം കി.മീ 417+000 ഭാഗത്ത് മെയിന്‍ ക്യാരേജ് വേയില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് എന്‍ട്രി+എക്‌സിറ്റ് പോയിന്റ് നല്‍കിയിട്ടുണ്ട്. ഈ ഭാഗത്തെ ഫിനിഷ്ഡ് റോഡ് ലെവല്‍ മെയിന്‍ ക്യാരേജ് വേ, സര്‍വ്വീസ് റോഡ് എന്നിവക്ക് സമമായതിനാല്‍ അണ്ടര്‍പാസ് നല്‍കുക സാങ്കേതികമായി സാധ്യമല്ല. എന്നാല്‍ കി.മീ 416+760 മുതല്‍ കി.മീ 416+480 വരെ സര്‍വ്വീസ് റോഡ് നിര്‍മ്മിച്ച് വലിയ പാലത്തിന് താഴെ ക്രോസിംഗ് പോയിന്റ് നല്‍കുന്നത് പരിഗണിക്കാമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസറുമായി സംസാരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്താമെന്നും മന്ത്രി അറിയിച്ചു.
ഇതിനു ശേഷമാണ്, പൊതുവായി ഒരു കാര്യം കൂടി പറയാം എന്നു പറഞ്ഞ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രാദേശിക വിഷയങ്ങളും അതുമായി ബന്ധപ്പെട്ട് ചിലരുടെ ഇടപെടലുകളും നടക്കുന്നുണ്ടെന്ന്. അതിനെ നേരിടാന്‍ സര്‍ക്കാരിന് അറിയാമെന്നും മന്ത്രി പറഞ്ഞു.
CONTENT HIGH LIGHTS; Minister of Works PA Muhammad Riaz said that the government knows that the project will reach its target