തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ സംഭവത്തിൽ കേരളത്തോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ. ഹരിത ട്രൈബ്യൂണൽ ബെഞ്ചിന് മുന്നിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
പരിസ്ഥിതി നശിപ്പിച്ചതിന് നഷ്ടപരിഹാരം വേണം. മാലിന്യം നിക്ഷേപിച്ചവർക്കെതിരെ കേരളം നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തതെന്നും നഷ്ടപരിഹാരം നൽകുന്നതിൽ എന്ത് നടപടിയെടുത്തെന്ന് കേരളം വിശദീകരിക്കണമെന്ന് ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി. കേസ് മാർച്ച് 24 ലേക്ക് നീട്ടി.
സംഭവത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ എടുത്ത കേസില്‍ വാദം തുടങ്ങിയപ്പോൾ തന്നെ സംസ്ഥാനത്തിന് നേരെ വിമർശനം ഉണ്ടായിരുന്നു. ആര്‍സിസി ഉള്‍പ്പടെയുള്ളവയ്‌ക്കെതിരെ നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് ട്രിബ്യൂണല്‍ ചോദിച്ചു.
കേരളത്തിലെ മെഡിക്കല്‍ മാലിന്യം തമിഴ്നാട്ടിലെ അതിര്‍ത്തികളില്‍ തള്ളേണ്ട ആവശ്യം എന്താണെന്നും ചോദ്യമുയര്‍ന്നിരുന്നു. മാലിന്യം തള്ളിയ ആശുപത്രികള്‍ക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും ട്രൈബ്യൂണല്‍ ദക്ഷിണ മേഖല ബെഞ്ച് ചോദിച്ചു.
കേരളത്തിൽ നിന്ന് ആശുപത്രികളിലെ മെഡിക്കൽ മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളിയ സംഭവം വലിയ വിവാദമായിരുന്നു.