ലോണ്‍ കുടിശ്ശികയെത്തുടര്‍ന്ന് ജപ്തി നടപടി നേരിട്ട കുടുംബത്തിന് ആശ്വാസമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. വെമ്പായം പാലമൂട് സ്വദേശിനിയായ പ്രഭാ കുമാരിയുടെ വീടും വസ്തുവും ജപ്തി ചെയ്യുന്നതിനുള്ള നടപടികളായതിനാല്‍ കുടുംബം പ്രതിസന്ധിയിയിരുന്നു. നെടുമങ്ങാട് സഹകരണ അര്‍ബന്‍ ബാങ്കിന്റെ നടപടികളെ തുടര്‍ന്ന് വീട് പൂട്ടിയപ്പോള്‍ തന്നെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച മന്ത്രി പിന്തുണ അറിയിച്ചിരുന്നു.
വിഷയം ശ്രദ്ധയില്‍പ്പെട്ട ഗ്രീന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കാനുള്ള സന്നദ്ധത മന്ത്രിയെ അറിയിച്ചു. ജപ്തി നടപടികള്‍ ഒഴിവാക്കുന്നതിനുള്ള 2,16,215 രൂപയുടെ ചെക്ക് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഗ്രീന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പോള്‍ രാജ് പ്രഭാകുമാരിക്ക് കൈമാറി. ജപ്തി നടപടികളുടെ പേരില്‍ ധനകാര്യ സ്ഥാപനങ്ങള്‍ കുടുംബങ്ങളെ തെരുവിലിറക്കുന്ന സമീപനം സ്വീകരിക്കരുതെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
മാനുഷിക നിലപാട് സ്വീകരിച്ച് അര്‍ഹമായ സാവകാശം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു. വീട് നഷ്ടപ്പെട്ട് നിസ്സഹായരായ അവസ്ഥയില്‍ സഹായത്തിനായി മുന്‍കയ്യെടുത്ത മന്ത്രിക്കും പൊതു പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായി പ്രഭാകുമാരി പറഞ്ഞു. 85 വയസ്സുള്ള അമ്മയും ശാരീരിക വിഷമതയുള്ള ഭര്‍ത്താവുമായി അഞ്ച് സെന്റിലെ ഒറ്റ മുറിയില്‍ ജീവിക്കുന്ന സാഹചര്യത്തിലാണ് ജപ്തി നടപടികളുണ്ടായത്.
വീടും വസ്തുവും തിരികെ ലഭിക്കാന്‍ തുക നല്‍കിയ ഗ്രീന്‍ മര്‍ച്ചന്റ് അസോസിയേഷനും നന്ദി അറിയിക്കുന്നതായി പ്രഭാകുമാരി പറഞ്ഞു. അമ്മ യശോദക്കും ഭര്‍ത്താവ് സജിമോനുമൊപ്പമാണ് പ്രഭാകുമാരി സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിലെത്തി ചെക്ക് സ്വീകരിച്ചത്.
CONTENT HIGH LIGHTS; Prabha Kumari will not lose her home: Food Minister GR Anil keeps his word