Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണി; ഇരുപത്തഞ്ചുകാരൻ പിടിയിൽ

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ തിരൂർ വെട്ടം സ്വദേശി നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ​ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത്. കുട്ടി ഇക്കാര്യം വീട്ടിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു. പിന്നീട് അധ്യാപകർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 25 കാരനായ നിഖിലിനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.

സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് നിഖിലിനെ പരിചയപ്പെടുന്നതെന്നും തുടർച്ചയായി പെൺകുട്ടിയെ വീട്ടിലെത്തി നിഖിൽ പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. സംഭവത്തിൽ സുഹൃത്തുക്കൾക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുകയാണ്. ചൈൽഡ് ലൈനും കുട്ടിയുടെ മൊഴി പരിശോധിച്ചു. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

അതേസമയം, പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.